നിലയ്ക്കൽ: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിനായി എത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് തൃ്പതി ദേശായിയെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസ് വിട്ട് ഇപ്പോൾ ബി.ജെ.പിയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് തൃപ്തി ദേശായിയെന്നും കടകംപള്ളി വ്യക്തമാക്കി. നിലയ്ക്കലിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃപ്തി ദേശായി കൊച്ചിയിൽ എത്തി ശബരിമല ദർശനത്തിനായി പുറപ്പെടുന്നു എന്ന വാർത്തയാണ് രാവിലെ മുതൽ കേൾക്കുന്നത്. സുപ്രീം കോടതി വിധിയുടെ ബലത്തിലാണ് അവർ വന്നിരിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന്റെ കോപ്പിയാണ് കേരള മുഖ്യമന്ത്രിക്ക് നൽകിയത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിക്കും അവർ കത്ത് നൽകിയിട്ടുണ്ട്. സുരക്ഷിതമായ ദർശനം സാദ്ധ്യമാക്കണമെന്നാണ് അവർ കത്തിൽ ആവശ്യപ്പെട്ടത്- കടകംപള്ളി പറഞ്ഞു.
അവരുടെ സഞ്ചാര സ്വാതന്ത്രം നിഷേധിക്കരുത്.അതിന് ആർക്കും അവകാശമില്ല. വിമാനത്താവളത്തിലെ പ്രതിഷേധം കാരണം അവരോട് തിരിച്ച് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്- കടകംപള്ളി പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയും പറഞ്ഞാൽ തൃപ്തി ദേശായി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ഇപ്പോൾ പ്രാകൃതമായ ചെറുത്ത് നിൽപ്പ് നടത്തി സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണ് ചിലർ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി സുപ്രീം കോടതിയിൽ കേസ് കൊടുക്കുക, 12 വർഷം നിയമയുദ്ധം നടത്തുക എന്നിട്ട് വിധി വാങ്ങുക എന്നിട്ട് ആവിധിയുടെ പേരിൽ ജനങ്ങളെ തെരുവിലിറക്കുക. സുപ്രീം കോടതി വിധി നടപ്പാക്കരുത് എന്ന സർക്കാരിനോട് ആവശ്യപ്പെടുക. ഇതാണ് നടക്കുന്നത്. അതിന്റെ കൂടി ഭാഗമാണോ ഈ തൃപ്തി ദേശായിയുടെ വരവ് എന്ന സംശയം പോലും എനിക്കുണ്ട്- കടകംപള്ളി പറഞ്ഞു.