children

കുട്ടികളെ നന്നായി വളർത്താൻ മാതാപിതാക്കൾ നിരവധി കാര്യങ്ങളാണ് ശ്രദ്ധിക്കാറ്. അവരുടെ ചീത്ത സ്വഭാവങ്ങൾ മാറ്റി എങ്ങനെ നല്ല സ്വഭാവക്കാരാക്കാം, എങ്ങനെ നന്നായി പഠിപ്പിക്കാം തുടങ്ങി നിരവധി ചോദ്യങ്ങളാണ് മാതാപിതാക്കളുടെ മനസ്സിൽ. എന്നാൽ നിങ്ങളുടെ കുട്ടികൾ സ്വതന്ത്രരാണോ? അതോ നിങ്ങളുടെ ചട്ടക്കൂടുകളിലോ? അവർ ഈ ലോകത്തെ അഭിമുഖീകരിക്കാൻ തയ്യാറാണോ? ഈ ചോദ്യങ്ങൾക്കൂടി ശ്രദ്ധിക്കണം. കേവലം അക്കാദമിക് പഠനം കൊണ്ടുമാത്രം ഒരു കുട്ടിക്ക് ഇന്ന് ഈ ലോകത്തെ അഭിമുഖീകരിക്കാൻ സാധിക്കില്ല. ക്ലാസ്സ്റൂമിലെ ചുമരുകളിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം. അത് അനുഭവങ്ങളിൽ നിന്നും നിരന്തരമായ സമൂഹിക സമ്പർക്കത്തിലൂടെയും ആ‌ർജിച്ചുവരുന്നതാണ്. വ്യക്തിത്വ വികസനം അത് ചട്ടക്കൂടുകളിൽ നിന്നും ലഭിക്കുന്നതല്ല.സ്‌കൂളുകളിൽ നിന്നും നേടുന്ന പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം കുട്ടി സ്വയം ആർജിച്ചെടുക്കേണ്ടവ കൂടി നോക്കണം. ഇവ അനുഭവങ്ങൾക്കൊണ്ടും പരിശീലനങ്ങൾക്കൊണ്ടും വീട്ടിൽ നിന്നുതന്നെ ആർജിച്ചെടുക്കാവുന്നതാണ്. ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യ അഞ്ചു വർഷങ്ങളിലാണ് പരമാവധി മസ്‌തിഷ്‌ക വികസനം സംഭവിക്കുന്നത്. ഈ പ്രായത്തിലാണ് കുട്ടികളുടെ സൃഷ്ടിപരമായതും നൂതനപരവുമായ ചിന്ത വളരുന്നത്.

ഈ അഞ്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ കുട്ടികളെ ലോകത്തിനുമുന്നിൽ സ‌ജ്ജരാക്കാം.

1.സ്വയം പ്രധിരോധിക്കാനുള്ള കഴിവ്

സ്വയം പ്രതിരോധിക്കാനുള്ള കഴിവ് വളരെ പ്രധാനമാണ്. സ്വയം പ്രതിരോധശക്തി വികസിപ്പിച്ചെടുത്താൽതന്നെ ആത്മ വിശ്വാസവും കൂടും. സ്വയം പ്രതിരോധിക്കാനുള്ള വിദ്യകൾ സ്കൂളുകളിൽ നിന്നും മറ്റും പഠിപ്പിക്കുന്നുണ്ടെങ്കിലും അവ പ്രാവർത്തികമാക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.

2.പ്രാഥമിക ശുശ്രൂഷയും ആരോഗ്യത്തിന്റെ പ്രാധാന്യവും

കുട്ടികൾക്ക് പെട്ടെന്ന് മുറിവുകളും പരിക്കുകളും സംഭവിച്ചാൽ അവരെ സ്വയം ശുശ്രൂഷ ചെയ്യാൻ പഠിപ്പിക്കണം. പ്രാഥമിക ശുശ്രൂഷകൾ കുട്ടികൾക്ക് മാതാപിതാക്കൾ പറഞ്ഞുകൊടുക്കണം.

3.സാമൂഹികമായി സജീവമാക്കുകയും ആളുകളുമായി സംവദിക്കാനുമുള്ള ഇടങ്ങൾ

അപരിചിതമായ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കുക.നല്ലതും ചീത്തയും അവർക്ക് തിരിച്ചറിയാൻ പഠിപ്പിക്കുക. സുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം, നല്ല ആളുകളോട് എങ്ങനെ സൗഹൃദം പുലർത്താമെന്നതും, ഈ ആളുകളുമായി ഇടപഴകുന്നത് എങ്ങനെയാണെന്നതും അവരെ പഠിപ്പിക്കുക. ചെറുപ്രായത്തി‌ൽതന്നെ ഇത് കുട്ടികളെ പഠിപ്പിക്കുന്നില്ലെങ്കി‌ൽ, അവരിൽ നല്ല സാമൂഹ്യ ബോധം വളർത്താൻ സാധിക്കില്ല.

4.നൂതന ചിന്തയും സർഗ്ഗാത്മകതയും

പ്രാഥമിക വിദ്യാഭ്യാസത്തിൽതന്നെ ആശയവിനിമയം നടത്താനും,സമൂഹത്തെ മനസ്സിലാക്കാനും പഠിപ്പിക്കണം. ഓഡിയോ വിഷ്വലുകൾ, ചിത്രശേഖരങ്ങൾ, കഥകൾ, റോൾ പ്ലേ തുടങ്ങിയവയിലൂടെ പഠിക്കുന്നത് അവരുടെ ക്രിയാത്മകവും നൂതനവുമായ കഴിവുകൾ വ‌ർദ്ധിപ്പിക്കുന്നതിന് സഹായകമാണ്.

5.സാമൂഹ്യ ബോധവും സാംസ്കാരിക വെെദഗ്ധ്യവും

കളിപ്പാട്ടങ്ങൾ മാത്രം വാങ്ങിച്ചുകൊടുത്താൽ പോര. കുട്ടികളെ സമൂഹവുമായി ഇടപഴകാനുള്ള അവസരങ്ങളും നൽകണം.