തിരുവനന്തപുരം: ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. വിശ്വാസികളുടെ പ്രതിഷേധം അവഗണിക്കാനാകില്ലെന്നും തൃപ്തിയെ സർക്കാർ തിരിച്ചയക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് തന്റെ വ്യക്തിപരമായ നിലപാടാണ്. നിലപാട് ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയിൽ ഉന്നയിക്കുമെന്നും വിശ്വാസികളുടെ വികാരം ബി.ജെ.പി മുതലെടുക്കുകയാണെന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം, യുവതികളെ തടയും എന്ന് പറഞ്ഞിട്ടില്ലെന്നും വിശ്വാസം സംരക്ഷിക്കാൻ ഏതറ്റം വരെ പോകും എന്നായിരുന്നു പറഞ്ഞതെന്നും സുധാകരൻ അറിയിച്ചു.