kochi-airport

കൊച്ചി: ശബരിമല ദർശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയെ അനുനയിപ്പിച്ച് മടക്കി അയയ്‌ക്കാൻ സർക്കാർ നീക്കം തുടങ്ങിയതായി വിവരം. വിവിധ സംഘടനകൾ വിമാനത്താവളത്തിന് പുറത്ത് നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് തിരികെ പോകണമെന്ന് സർക്കാർ ഇവരോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉന്നത ഉദ്യോഗസ്ഥർ തൃപ്‌തിയുമായി ചർച്ച നടത്തുകയാണ്. തൃപ്‌തി മടങ്ങിപ്പോകുന്നതാണ് നല്ലതെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ പ്രതികരണം. തൃപ്‌തി ആക്‌ടിവിസ്‌റ്റാണെന്നും ഇക്കൂട്ടരുടെ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായ പ്രതികരണമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നടത്തിയത്. തൃപ്‌തി കോൺഗ്രസ് - ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടാൽ അവർ തിരികെ പോകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന് മുന്നിൽ ബി.ജെ.പി - ഹിന്ദു ഐക്യവേദി പ്രവർത്തകർ നടത്തുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ 4.30ഓടെ കൊച്ചിയിലെത്തിയ തൃപ്‌തിക്ക് പ്രതിഷേധം കാരണം ഇപ്പോഴും വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാൽ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോകാൻ വാഹനം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. വിമാനത്താവളത്തിലെ പ്രീപെയ്ഡ് കൗണ്ടറിലെ ടാക്‌സികളും ഓൺലൈൻ ടാക്‌സികളും തൃപ്‌തിയെ കൊണ്ടുപോകാൻ തയ്യാറായിട്ടില്ല. പ്രതിഷേധം തങ്ങൾക്കും വാഹനത്തിനും നേരെയുണ്ടാകുമെന്ന് ഭയന്നാണ് തങ്ങൾ ഇതിൽ നിന്നും പിന്തിരിയുന്നതെന്ന് ഡ്രൈവർമാരുടെ നിലപാട്.

അതിനിടെ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ തൃപ്‌തി ദേശായിക്ക് ഇനിയും വിമാനത്താവളത്തിനുള്ളിൽ കഴിയാൻ സാധിക്കില്ലെന്നാണ് കിയാൽ അധികൃതർ നിലപാട്. യാത്രക്കാരെയും വിമാനത്താവളത്തെയും പ്രതിഷേധം ബാധിച്ചതായി കിയാൽ എം.ഡി തൃപ്‌തിയെ അറിയിച്ചു. തൃപ്‌തി ദേശായിയെ വിമാനത്താവളത്തിൽ നിന്നും പുറത്തിറക്കണമെന്ന് പൊലീസിനോടും എം.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റവന്യൂ അധികൃതരമായി നടത്തിയ ചർച്ചയിൽ താൻ ദർശനം നടത്താതെ മടങ്ങില്ലെന്നാണ് തൃപ്‌തി അറിയിച്ചത്. പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും താൻ സ്വന്തം നിലയിൽ ശബരിമലയിലേക്ക് പോകാമെന്നും ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.