ജോജു ജോർജിനെ നായകനാക്കി സംവിധായകൻ എം.പത്മകുമാർ ജോസഫുമായെത്തുമ്പോൾ മലയാളത്തിലേക്ക് മറ്റൊരു മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കൂടിയെത്തുകയാണ്. ജോസഫ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്രി നിരവധി ആവേശഭരിതമായ മുഹൂർത്തങ്ങൾ മനോഹരമായി ചേർത്തുവയ്ക്കുകയാണ് ജോസഫ്. തുടക്കം മുതൽ ഒടുക്കം വരെ ആവേശം ചോരാതെ പിടിച്ചിരുത്തുന്ന ഒരു ലളിതമായ ചിത്രമാണ് ജോസഫ്. അമിത പ്രതീക്ഷകൾ നൽകാതെ വൃത്തിയായി മെനഞ്ഞെടുത്ത തിരക്കഥയ്ക്കൊപ്പം താരങ്ങളും കട്ടയ്ക്ക് കൂടെ നിൽക്കുമ്പോൾ ജോസഫ് മികച്ച അനുഭവമാകും.
ആരാണ് ജോസഫ്
ജീവിതം കൊണ്ട് മുറിവേറ്രവനാണ് ജോസഫ്. കഴിവുറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ക്രിമിനൽ കുറ്റകൃത്യങ്ങളിലെ പ്രതികളെ നിമിഷ നേരം കൊണ്ട് കണ്ടെത്താനുതകുന്ന നിരീക്ഷണ പാടവം, സർവീസിൽ നിന്ന് വിരമിച്ചിട്ടും കേസന്വേഷണങ്ങൾക്ക് ഡിപ്പാർട്ട്മെന്റ് ഇപ്പോഴും ആശ്രയിക്കുന്നവൻ... അങ്ങനെ എല്ലാമാകുമ്പോഴും നഷ്ടങ്ങൾ കൊണ്ട് ജീവിതം അയാളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്. കഴിവുകൊണ്ടും സ്വീകാര്യതകൊണ്ടും നിത്യജീവിതത്തിൽ ഷൈൻ ചെയ്യുന്ന സൂപ്പർ ഹീറോ അല്ല അയാൾ. നഷ്ടങ്ങളും മടുപ്പും തളം കെട്ടി നിൽക്കുന്ന ജീവിതത്തിൽ ഓർമ്മകൾ മാത്രം ആഘോഷമാക്കി ജീവിക്കുന്ന ജോസഫ് പ്രേക്ഷകർക്ക് പുതുമുഖമാണ്. ഔദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും അതിർവരമ്പുകൾ കൽപ്പിച്ചിട്ടില്ലാത്ത അയാൾ ജീവിതം കൊണ്ട് നൽകുന്ന സന്ദേശമാണ് ജോസഫ് നൽകുന്നത്.
ജോസഫിന് പറയാനുള്ളത്
സർവീസിൽ നിന്ന് വിരമിച്ച് നിത്യജീവിതത്തിലെ മടുപ്പുകളോട് താദാത്മ്യം പ്രാപിച്ച് മദ്യപാനവും പുകവലിയും അടക്കമുള്ള ദൗർബല്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന മടിയനായ മദ്ധ്യവയസ്കൻ ജോസഫിനെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്. എങ്കിലും തന്റെ ജോലിയോട് അയാൾക്കുള്ള അർപ്പണത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. വിരമിച്ചിട്ടും തന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ട് പൊലീസ് ഡിപ്പാർട്ട്മെന്റിനെ അയാൾ സഹായിക്കുന്നു. വ്യക്തിജീവിതത്തിൽ നഷ്ടങ്ങളേറെ സഹിക്കേണ്ടിവന്ന അയാളെ തേടി ഭാര്യയുടെ അപകട വാർത്ത എത്തുകയാണ്. ഈ അപകട വാർത്ത വിരൽ ചൂണ്ടുന്നത് ആവേശഭരിതമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു നിർണായക അന്വേഷണത്തിലേക്കാണ്. ജോസഫിന്റെ വ്യക്തി ജീവിതത്തിലൂടെയും സാമൂഹ്യപ്രാധാന്യമുള്ള നിരവധി സംഭവങ്ങളിലൂടെയും കുറ്റാന്വേഷണ കഥകൾ ചുരുളഴിയുമ്പോൾ ജോസഫ് ആസ്വാദ്യകരമാകുന്നു
കഥകൾക്കു പിന്നിലെ കഥകൾ
കേവലം ഒരു ക്രിമിനൽ കുറ്റാന്വേഷണ കഥയല്ല ജോസഫ്. വൈകാരികതയും ആവശേവും ഒരുപോലെ സന്നിവേശിപ്പിച്ചതാണ് ശശി കബീറിന്റെ തിരക്കഥ. ജോസഫ് എന്ന വ്യക്തിയെ പാളിച്ചകളില്ലാതെ വരച്ചിടുന്നതിനൊപ്പം പതിവ് ആഖ്യാനശൈലികൾ വിട്ടുള്ള കഥപറച്ചിലും ജോസഫിനെ ഒരു പരിപൂർണ ത്രില്ലറാക്കി മാറ്റുന്നു. ഒടുക്കം ഏറെ സാമൂഹ്യപ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് ചിത്രത്തെ കൊണ്ടുചെന്നെത്തിക്കാനും തിരക്കഥയ്ക്ക് സാധിക്കുന്നു. നവാഗതനായ രെൻജിൻ രാജിന്റെ സംഗീതവും മനീഷ് മാധവന്റെ ഛായാഗ്രഹണവും കഥപറച്ചിലിന്റെ ഒഴുക്കിനെ ത്വരിതപ്പെടുത്തുന്നു.
പൊലീസ് വേഷമില്ലാതെ പൊലീസ്
കുറ്റാന്വേഷണങ്ങൾ നടത്തി പ്രതികളെ ഈസിയായി കണ്ടെത്തി പൊലീസ് വേഷത്തിൽ നിറഞ്ഞു നിൽക്കുന്ന ആക്‌ഷൻ ഹീറോകൾ മലയാളത്തിന് പരിചിതരാണ്. എന്നാൽ ജോസഫ് ഇതിൽ നിന്ന് വ്യത്യസ്തനാണ്. അയാളുടെ കണ്ടെത്തലുകളേറെയും ഈ സങ്കല്പങ്ങൾക്ക് പുറത്താണ്. ജീവിതത്തിലെ നഷ്ടങ്ങൾ അയാളിലുണ്ടാക്കിയ മടുപ്പും മുറിപ്പാടുകളും കൃത്യമായി അനാവരണം ചെയ്യാൻ ജോജു ജോർജിന്റെ കഥാപാത്രത്തിന് സാധിക്കുന്നു. പൊട്ടിച്ചിരിയുമായി ബിഗ്സ്ക്രീനിലെത്തിയ ജോജു, ജോസഫായി മാറുമ്പോൾ അഭിനയത്തികവുകൊണ്ടും വേഷപ്പകർച്ചകൊണ്ടും കഥാപാത്രം പൂർണതയിലെത്തുന്നുണ്ട്. സഹനടനിൽ നിന്ന് നായകനിലേക്കുള്ള ദൂരം ഏറെയല്ലെന്ന ആഹ്വാനവും ജോജുവിന്റെ ജോസഫ് ഓർമ്മപ്പെടുത്തുന്നു. ജോസഫ് ജോജു ജോർജിന്റെ കരിയറിലെ ദിശാസൂചികയായേക്കാവുന്നതാണ് പ്രകടനമാണ് ജോസഫിലേത്. ജോസഫിന്റെ ഭാര്യ ജെസ്സിയായി ആത്മീയ രാജനും ജെസ്സിയുടെ രണ്ടാം ഭർത്താവ് പീറ്ററായി ദീലീഷ് പോത്തനും മകളായെത്തിയ മാളവിക മോഹനും മികച്ചു നിന്നു. ജോസഫിന്റെ സുഹൃത്തുക്കളായെത്തി സുധി കോപ്പ, ഇർഷാദ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചു.
പാക്കപ്പ് പീസ്: ഇത് ജീവിതം കൊണ്ട് മുറിവേറ്റവന്റെ കഥ