novel

രാജസേനൻ ഞെട്ടലിൽ മകനെ നോക്കി:
''രാഹുൽ... ആരോ നമ്മളെ പിൻതുടർന്നു വന്നിരിക്കുന്നു...'
''ഏയ്... ' അവൻ ഫ്രിഡ്ജിൽ നിന്നെടുത്ത തണുത്ത വെള്ളത്തിന്റെ കുപ്പി വായിലേക്കു ചരിച്ചു.

ഓടിത്തളർന്ന അവർ ഒരു ഓട്ടോയിലാണ് വീട്ടിലെത്തിയത്. എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലായെങ്കിലും സാവത്രി, അച്ഛന്റെയോ മകന്റെയോ അടുത്തേക്കു പോയില്ല.

രാഹുൽ കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചുതീർത്തു.
ആ സെക്കന്റിൽ കോളിംഗ്ബൽ ശബ്ദിച്ചു.
''രാഹുലേ.. ' രാജസേനൻ വിവശനായി.

''അച്ഛനൊന്നു പേടിക്കാതിരിക്ക്. നമ്മുടെ വീട്ടിൽ കയറിവന്ന് നമ്മളെ എന്തെങ്കിലും ചെയ്യാൻ ഒരുത്തനും വളർന്നിട്ടില്ല. ഞാൻ പോയി നോക്കാം.'
അവൻ കുപ്പി ടേബിളിൽ വച്ചിട്ട് ഹാളിലേക്കു പോയി.
രാജസേനന്റെ പാരവശ്യം അപ്പോഴും മാറിയിരുന്നില്ല.

ചുട്ടിപ്പാറയിൽ നിന്ന് ഓടിയ ഓട്ടം! മുഖമടച്ചു വീഴുമെന്ന് പലപ്പോഴും തോന്നിയതാണ്!
രാഹുൽ വാതിൽ തുറന്നു. മുന്നിൽ ഒരു കാക്കിധാരി!
അവനൊന്നു പകച്ചു.

പക്ഷേ കാക്കിധാരി ചിരിച്ചു:
''രാഹുലിന് എന്നെ ഓർമ്മയില്ലേ?'
''മനുശങ്കർ സാർ....' പെട്ടെന്ന് അവന് ആളിനെ പിടികിട്ടി. ''സാറ് ഈ നേരത്ത് ഇവിടെ?'
''ഒക്കെ പറയാം.' മനുശങ്കറുടെ ശബ്ദത്തിൽ പരിഭ്രമം ഉണ്ടായിരുന്നു.

''സാർ വരൂ...'
ഡിവൈ.എസ്.പി മനുശങ്കർ അകത്തേക്കു കയറി. പുറത്തേക്കൊന്നു പാളി നോക്കി രാഹുൽ. പ്രൈവറ്റ് ജീപ്പാണ് അവിടെ കിടക്കുന്നത്.
''സാറ് തിരുവനന്തപുരത്തു നിന്ന് ഇവിടെ വരെ സ്വയം ജീപ്പോടിച്ചു വന്നോ?' അവൻ വാതിലടച്ചു.
''വരേണ്ടിവന്നു. എനിക്ക് രാജസേനൻ സാറിനെ കാണണം.''

അയാൾക്കു ധൃതി.
''ഞാനിവിടെ ഉണ്ട് മനൂ.''
രാജസേനൻ ഹാളിൽ എത്തി.
''മനുവെന്താ പരിഭ്രമിച്ചതു മാതിരി:?''
''ഒന്നും പറയണ്ട സാറേ... ഞാനൊന്നിരുന്നോട്ടേ?''

അനുവാദം കിട്ടും മുൻപ് മനുശങ്കർ കുഴഞ്ഞതു പോലെ സെറ്റിയിലേക്കമർന്നു.
എതിരെ രാജസേനനും രാഹുലും ഇരുന്നു.

മന്ത്രിയായിരിക്കുന്ന സമയത്ത് തലസ്ഥാനത്ത് രാജസേനന്റെ വലം കയ്യായിരുന്നു മനുശങ്കർ എന്ന ഡിവൈ.എസ്.പി.
ഏത് ശത്രുവിനെ ഒതുക്കണമെങ്കിലും മനുശങ്കറോട് ഒരു വാക്കുപറഞ്ഞാൽ മതി. തല്ലാൻ കൽപ്പിച്ചാൽ കൊന്നേച്ചു വരുന്ന സ്വഭാവക്കാരൻ!
''പറയൂ. നിനക്ക് എന്തു സഹായം വേണമെങ്കിലും ചെയ്തുതരും ഞാൻ.''

രാജസേനന്റെ ഉറപ്പ്.
''അതുകൊണ്ടു തന്നെയാ സാറേ ഞാനിങ്ങോട്ടു പോന്നത്.''
മനുശങ്കർക്ക് ആശ്വാസം.

തുടർന്ന് അയാൾ കാര്യം ചുരുക്കി പറഞ്ഞു. കിളിമാനൂരിൽ ഒരു ബാറിനു മുന്നിലാണ് സംഭവത്തിന്റെ തുടക്കം. മനുശങ്കറും ബ്‌ളേഡ് ബാങ്കുകാരനായ സുഹൃത്തും കൂടി ബാറിൽ കയറി മദ്യപിച്ചിട്ടിറങ്ങുമ്പോൾ വാഹനം പാർക്കു ചെയ്തതു സംബന്ധിച്ച് ഒരു ചെറുപ്പക്കാരനുമായി വാക്കേറ്റമായി.
മനുശങ്കർ സിവിൽ ഡ്രസ്സിൽ ആയിരുന്നതിനാൽ ചെറുപ്പക്കാരന് ആളെ മനസ്സിലായില്ല.

വാക്കേറ്റം കയ്യാങ്കളിയിലേക്കും റോഡിലേക്കും നീണ്ടു. ഒന്നു നിർത്തി ശ്വാസമെടുത്തിട്ട് മനുശങ്കർ തുടർന്നു:
''സാറിനറിയാമല്ലോ... ശരീരം നൊന്താൽ പിന്നെ ഞാൻ ഒന്നും നോക്കുകേലാ.... റോഡിലൂടെ പാഞ്ഞുവന്ന ഒരു ലോറിക്കു മുന്നിലേക്ക് ഞാൻ അവനെ പിടിച്ചുതള്ളി. ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു.

മരിച്ചെന്നാണു തോന്നുന്നത്.
ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ഞാൻ രക്ഷപ്പെട്ടു. എസ്.ഐയെ വിളിച്ച് അവന്റെ വായിൽ കുറച്ചു മദ്യം ഒഴിച്ചുകൊടുക്കാൻ പറഞ്ഞു. അവിടെ നിന്നാൽ കുഴപ്പമാ. ആളുകൾ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇങ്ങോട്ടു പോന്നു.'
''അത്രയേ ഉള്ളോ കാര്യം?' കേട്ടിരുന്ന രാഹുലാണ് ആദ്യം പ്രതികരിച്ചത്.'

''ഇതൊക്കെ എന്ത്? ആദ്യം അവൻ ചത്തോ ഇല്ലയോ എന്നറിയണ്ടേ? ആ എസ്.ഐയെ ഒന്നുവിളിക്ക്.'
മടിയോടെ മനുശങ്കർ, എസ്.ഐയെ വിളിച്ചു. അവിടുന്നുള്ള മറുപടി കേട്ടപ്പോൾ മനുശങ്കറുടെ മുഖം മങ്ങി.
''അവൻ മരിച്ചു...'

''എങ്കിൽ സൂക്ഷിക്കണം മനൂ. സർവ്വീസ് ബുക്കിൽ ഒരുപാട് ബ്ളാക്ക് മാർക്ക് ഉള്ളവനാണു താൻ. തന്റെ പേരിൽ വിജിലൻസ് അന്വേഷണത്തിനു വരെ ശുപാർശ ചെയ്തിരുന്നു ഐ.ജി.
ആ ഫയൽ ഞാൻ മുക്കിയതാ....'

രാജസേനൻ താടി ചൊറിഞ്ഞ് ഒരു നിമിഷം ചിന്തിച്ചിരുന്നു.... പിന്നെ പറഞ്ഞു.
''തന്റെ ഫോണിങ്ങു താ...'
മനുശങ്കർ ഫോൺ കൈമാറി.
അത് എന്തിനാണെന്നു മാത്രം മനുശങ്കർക്കോ രാഹുലിനോ മനസ്സിലായില്ല.... (തുടരും)