amit-sha

മംഗലാപുരം: ശബരിമല വിഷയം പരമാവധി ബി.ജെ.പിക്ക് അനുകൂലമാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശം. മംഗലാപുരത്ത് സംഘടിപ്പിച്ച ആർ.എസ്.എസിന്റെ പ്രത്യേക യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷാ കേരളത്തിലെ നേതാക്കൾക്ക് നിർദ്ദേശം നൽകിയത്.

2019ൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുന്ന രീതിയിൽ ശബരിമല വിഷയം ഉപയോഗപ്പെടുത്തണമെന്നും അതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കണമെന്നും അമിത് ഷാ പറഞ്ഞു. ആർ.എസ്.എസ് നേതാവ് ഭയ്യാജി ജോഷി, നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി രാം ലാൽ, നാഷണൽ ജോയിന്റ് ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ശബരിമല വിഷയം അനുകൂലമാക്കി തിരഞ്ഞെടുപ്പിൽ വിജയം കൊയ്യാൻ ബി.ജെ.പിക്ക് പദ്ധതിയുണ്ടെന്നുള്ള റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, മണ്ഡല​ -മകരവിളക്ക് കാലത്ത് ശബരിമലയിൽ യുവതികൾ ദർശനത്തിന് എത്തിയാൽ ആചാരസംരക്ഷണത്തിനായി ശക്തമായ പ്രതിരോധം ഒരുക്കാൻ ആർ.എസ്.എസിന് പദ്ധതിയുണ്ട്. തെക്കൻ കേരളത്തിൽ ഏഴ് ജില്ലകളിൽ നിന്നായി ദിവസവും അയ്യായിരത്തോളം സ്വയംസേവകരെ സന്നിധാനത്തെത്തിക്കാനാണ് സംഘടനയുടെ തീരുമാനം. ഇത് കൂടാതെ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയുടെ നേതൃത്വത്തിൽ അമ്മമാരെയും ശബരിമലയിലെത്തിക്കും.

ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് ഭക്തരെ ഏകോപിപ്പിച്ച ശബരിമല കർമ്മസമിതി ജനറൽ സെക്രട്ടറി വത്സൻ തില്ലങ്കേരിയെ ഇത്തവണ സന്നിധാനത്തേക്ക് അയക്കില്ല. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആദ്യദിവസങ്ങളിൽ സന്നിധാനത്തുണ്ടാക്കും.