സാധാരണ ഫാൻസ് ഷോകളുടെ എണ്ണം ചർച്ചയാകുന്നത് തമിഴ് ചിത്രങ്ങളുടെ റിലീസ് വരുമ്പേഴാണ്. റിലീസ് ദിനത്തിൽ നൂറുകണക്കിന് പ്രദർശനങ്ങൾ നടക്കാറുണ്ട് കേരളത്തിൽ. ആരാധകർ തീയേറ്ററുകളുമായി ചേർന്നാണ് ഇത്തരം ഷോകൾ നടത്തുന്നത്. ദീപാവലി ചിത്രമായി തീയേറ്ററുകളിലെത്തിയ വിജയുടെ സർക്കാരാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഷോ നടത്തിയത്. 338 ഫാൻസ് ഷേകളാണ് കേരളത്തിലുടനീളം സർക്കാർ നടത്തിയത്. മലയാള സിനിമയിലും ഇത്തരത്തിൽ ഫാൻസ് ഷോ നടക്കാറുണ്ടെങ്കിലും ഇത്രയധികം ഷോകൾ ഉണ്ടാകാറില്ലെന്നതാണ് സത്യം. എന്നാൽ ആ പതിവുകൾ തെറ്റിക്കുകയാണ് മോഹൻലാൽ ചിത്രം 'ഒടിയൻ'.
വി. എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ഒടിയൻ റിലീസിന് ഒരുമാസം ബാക്കിയുള്ളപ്പോൾ 320 ഫാൻസ് ഷോകളാണ് ആരാധകർ സംഘടിപ്പിച്ചത്. റിലീസിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ഷോയുടെ എണ്ണം ഇതിലും കൂടുമെന്നാണ് റിപ്പോർട്ടുകൾ.
പരസ്യ ചിത്രസംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ചുവാര്യരാണ് നായിക. തെന്നിന്ത്യൻ താരം പ്രകാശ് രാജാണ് ചിത്രത്തിലെ മറ്റൊരു ആകർഷണം. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. നരൻ,പുലിമുരുകൻചിത്രങ്ങളുടെ കാമറാമാൻ ഷാജികുമാറാണ് ഛായാഗ്രഹണം നിർവ്വഹിക്കുക. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം നിർവ്വഹിക്കും. പ്രഖ്യാപിക്കപ്പെട്ട നാൾമുതൽക്കെ വമ്പൻ സ്വീകാര്യതയാണ് ഒടിയന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഒടിയൻ'.