pamba

സന്നിധാനം: മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് നടതുറക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പമ്പയിലും സന്നിധാനത്തും കനത്ത മഴ. പ്രളയക്കെടുതിയിൽ തകർന്ന പമ്പയും പരിസരവും കനത്ത മഴയിൽ കുതിർന്നതോടെ വിശ്വാസികൾ ദുരിതക്കയത്തിലാകുമെന്ന് ഉറപ്പ്.

പ്രളയത്തിൽ തകർന്നടിഞ്ഞ സ്ഥലങ്ങളെല്ലാം ചെളികെട്ടി കാൽനട പോലും അസാധ്യമായ തരത്തിൽ മാറിക്കഴിഞ്ഞു. കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും പമ്പയിൽ മുട്ടോളം പോലും വെള്ളമില്ല. ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. നിലവിലുള്ളവ ഉപയോഗ ശൂന്യമായി മാറിയതും തിരിച്ചടിയാണ്. ഇതിനിടയിൽ ഭക്തരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിലയ്‌ക്കലിൽ മാത്രമാണ് വാഹനപാർക്കിംഗ് ഒരുക്കിയിരിക്കുന്നത്. പമ്പയിൽ സ്വകാര്യവാഹനങ്ങളൊന്നും തന്നെ കടത്തി വിടുന്നില്ല. മാദ്ധ്യമങ്ങൾക്ക് പോലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, സന്നിധാനത്ത് ദർശനത്തിനുള്ള നിയന്ത്രണത്തിന് പുറമെ അപ്പം അരവണ കൗണ്ടറുകൾക്കും അന്നദാനത്തിനും വരെ നിയന്ത്രണം ഏർപ്പെടുത്തി. അരവണ, അപ്പ പ്രസാദ കൗണ്ടറുകൾ ഉൾപ്പടെ രാത്രി പത്ത് മണിക്കും അന്നദാന കൗണ്ടർ 11 മണിക്കും അടക്കണം. നേരത്തെ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്നവയാണിവ.

കൂടാതെ രാത്രി നടയടച്ചു കഴിഞ്ഞാലുടൻ സമീപത്തുള്ള എല്ലാ കടകളും അടച്ച് താക്കോൽ പൊലീസിനെ ഏൽപ്പിക്കണമെന്നാണ് നിർദ്ദേശം. ഇത് ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്‌ടമാകും വരുത്തിവയ്‌ക്കുകയെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി. ഇക്കാര്യത്തിൽ വ്യാപാരികൾക്കും ദേവസ്വം ബോർഡിനും കനത്ത ആശങ്കയുണ്ട്. ഇത് ബോർഡ് അധികൃതർ സർക്കാരിനെയും പൊലീസിനെയും ഔദ്യോഗികമായി അറിയിച്ചതായും വിവരമുണ്ട്.