a-padmakumar

പമ്പ: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കാൻ സാവകാശം നൽകണമെന്ന കാര്യത്തിൽ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. സുപ്രീം കോടതി വിധി ദേവസ്വം ബോർഡിന് നടപ്പാകാതിരിക്കാൻ ആകില്ല. വിഷയത്തിൽ ദേവസ്വം ബോർഡിന് പറയേണ്ട കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ചില അവ്യക്തതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തണം. അതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പദ്മകുമാർ.

അതേസമയം, ശബരിമലയിൽ ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി മടങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തൃപ്‌തി ആക്‌ടിവിസ്‌റ്റാണെന്നും ഇക്കൂട്ടരുടെ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ മണ്ഡലകാലത്തോട് അനുബന്ധിച്ച് സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ജൂൺ മാസം മുതൽ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ പ്രളയം വന്നതോടെയാണ് കാര്യങ്ങൾ താളം തെറ്റിയത്. ശബരിമലയിൽ ടാറ്റാ കമ്പനി സൗജന്യമായി നിർമാണ പ്രവർത്തനങ്ങൾ നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇക്കാര്യത്തിൽ ബോർഡിനുള്ള അതൃപ്‌തി പദ്മകുമാർ സർക്കാരിനെ അറിയിച്ചെന്നുമാണ് വിവരം. ശബരിമല വിധി നടപ്പിലാക്കാൻ സാവകാശം വേണമെന്ന ഹർജിയുമായി തിങ്കളാഴ്‌ച ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിക്കുമെന്നും സൂചനകളുണ്ട്.