ശബരിമല സ്ത്രീപ്രവേശന വിഷയം ഓരോ ദിവസം ചെല്ലുംതോറും കേരളത്തിലെ പൊതുസമൂഹം ആഗ്രഹിക്കാത്ത തലങ്ങളിലേക്ക് വഴിമാറിപ്പോവുകയാണ്. ഇത് അങ്ങേയറ്റം ദൗർഭാഗ്യകാരവും സാക്ഷര കേരളത്തിന് ഒരുതരത്തിലും നീതികരിക്കാനാവത്തതുമാണ്. മലയാളികളായ നമ്മെക്കുറിച്ച് ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലും അതേപോലെ തന്നെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലും ഉള്ള വിലയിരുത്തൽ മറ്റാരെക്കാളും നമ്മെ ഒരുപടി മുന്നിലെത്തിച്ചിരുന്നു. നമ്മുടെ നാടിന്റെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഇപ്പോൾ എന്തുപറ്റി എന്ന് ഓരോ മനുഷ്യരും ആശങ്കപ്പെടുകയാണ്.
മഹാപ്രളയത്തിന്റെ അതിദാരുണമായ ദുരന്തത്തിൽ ഒരേ മനസോടെ പ്രവർത്തിച്ച് അതിജീവനത്തിന്റെ പുതിയ പാഠം വരുംതലമുറയ്ക്ക് പകർന്ന് നൽകിയ നമ്മൾ തൊട്ടടുത്ത ദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായ ഒരു വിധിയുടെ പേരിൽ പ്രളയത്തിൽ ചേർത്തുപിടിച്ച കൈകൾ വേഗത്തിൽ വിഘടിച്ച് രാഷ്ട്രീയത്തിന്റെ പല തുരുത്തുകളായി മാറിനിന്ന് പരസ്പരം പോരടിച്ചപ്പോൾ, ചേർത്തു പിടിച്ച കൈകളിൽ സുരക്ഷിതത്വബോധത്തോടെ, ആശ്വസിച്ച് നിശ്വസിച്ചവർ അനാഥത്വത്തിന്റെ ചെളിക്കുണ്ടിൽ വീഴുകയായിരുന്നു. അവർ ഇപ്പോഴും നിലയില്ലാക്കയത്തിൽ കൈകാലിട്ടടിക്കുന്നു. രാഷ്ട്രീയക്കാരും ഭരണാധികാരികളും എല്ലാം തന്നെ വിശ്വാസികളുടെയും അവിശ്വാസികളുടെയും സംരക്ഷകരായി മാറിയിരിക്കുന്നു.
ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ വിശ്വാസി സമൂഹത്തെ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയം കളിക്കുന്നത് അധാർമികതയാണ്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടാൻ കഴിയാതെ വരുന്ന സന്ദർഭത്തിലാണ് ഇത്തരം വിശ്വാസങ്ങളെയും ജാതിയേയും മതത്തേയുമൊക്കെ രാഷ്ട്രീയനേട്ടത്തിനായി വിനിയോഗിക്കുന്നത്. ഇത് ഒരു തരത്തിലുള്ള രാഷ്ട്രീയ പാപ്പരത്വമാണ് വെളിവാക്കുന്നത്. എസ്.എൻ.ഡി.പി യോഗം ഈ വിഷയത്തിൽ വിശ്വാസികളോടൊപ്പമാണ്. സുപ്രീംകോടതി വിധിയിൽ പരിഗണിക്കപ്പെടേണ്ട പല വസ്തുതകളും പരിഗണിക്കപ്പെട്ടിട്ടില്ല എന്നും അത് കോടതിയെ ബോദ്ധ്യപ്പെടുത്തുന്ന കാര്യത്തിൽ നിയമ പണ്ഡിതന്മാർക്ക് കഴിഞ്ഞിട്ടില്ല എന്നും ഞങ്ങൾ അന്നും ചൂണ്ടിക്കാണിച്ചിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സുപ്രീം കോടതി നിലപാട്. മറ്റൊരു കാര്യവും നേരത്തെ ഞങ്ങൾ സൂചിപ്പിച്ചിരുന്നു. വിശ്വാസികളായ സ്ത്രീകളാരും പ്രായപരിധി ലംഘിച്ചുകൊണ്ട് ശബരിമല ദർശനത്തിന് വരില്ല എന്ന്, അത് തന്നെയാണ് സംഭവിച്ചതും. ഇവിടെ ഈ കലാപമൊക്കെയുണ്ടാകാനുള്ള കാരണം ആക്ടിവിസ്റ്റുകളായ ചില സ്ത്രീകൾ തങ്ങളുടെ ആക്ടിവിസം നടപ്പാക്കുന്നതിനുള്ള വേദിയായി ഇത്രയും വൈകാരികമായ വിഷയത്തെ ഉപയോഗിച്ചു എന്നുള്ളതാണ് . വിശ്വാസികളുടെ ഇടമാണ് ആരാധാനാലയങ്ങൾ. അവിശ്വാസികൾക്ക് അവിടെ സ്ഥാനമില്ല. സ്ഥാനമില്ലാത്തിടത്ത് അതിക്രമിച്ച് കയറുന്നത് നിയമലംഘനവും അധിനിവേശവുമാണ്. അതിന്റെ പേരിൽ ഉണ്ടായിട്ടുള്ള കോലാഹലങ്ങൾ അനിയന്ത്രിതമായിരിക്കുന്നു. റഫറിയില്ലാത്ത കളിക്കളത്തിലെ കളിക്കാരെപ്പോലെ ഓരോത്തരും സെൽഫ് ഗോൾ അടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരിൽ ജാതീയമായി ധ്രുവീകരണങ്ങൾക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. സവർണാധിപത്യത്തിന്റെ അടിത്തറ ഇളകുന്ന എല്ലാ ഘട്ടത്തിലും ഹിന്ദുഐക്യം പറയുകയും വിജയിച്ചു കഴിയുമ്പോൾ പിന്നോക്ക/ദളിത് വിഭാഗത്തെ തള്ളിപ്പറയുകയും ചെയ്യുന്ന സമീപനമാണ് നാളിതു വരെ ഉണ്ടായിട്ടുള്ളത്.
വിമോചന സമരം മുതലുള്ള കാര്യങ്ങൾ എടുത്ത് പരിശോധിച്ചാൽ അത് മനസിലാക്കാൻ നമുക്ക് കഴിയും. വിമോചന സമരത്തിനു ശേഷം ഉണ്ടായിട്ടുള്ള എല്ലാ രാഷ്ട്രീയ പരിവർത്തന സന്ദർഭങ്ങളിലും മുന്നോക്ക/ന്യൂനപക്ഷ വിഭാഗങ്ങൾ അധികാരത്തിന്റെ ഇടനാഴികളിൽ കസേര വലിച്ചിട്ട് ഇരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത്. അപ്പോഴും പാർശ്വവത്കരിക്കപ്പെട്ടത് പിന്നോക്ക/ദളിത് വിഭാഗങ്ങളാണ്.
മലയാളി മെമ്മോറിയലിനുശേഷം ഈഴവ മെമ്മോറിയൽ വേണ്ടിവന്നതും ഇതേ കാരണത്താലായിരുന്നു. ഇന്നും അവരുടെ അവസ്ഥ മറിച്ചല്ല. പിന്നാക്ക ആഭിമുഖ്യമുള്ള എൽ.ഡി.എഫ് സർക്കാർ നേരത്തെ ദേവസ്വംമന്ത്രിയായിരുന്ന ജി. സുധാകരൻ കൊണ്ടുവന്ന ദേവസ്വംബോർഡ് ബിൽ നിയമസഭയിൽ വച്ച് വിഷയനിർണയ കമ്മിറ്റിക്ക് വിട്ടതിനുശേഷം ആ ബില്ല് പിന്നെ കണ്ടിട്ടില്ല എന്നു മാത്രമല്ല, ആ ബില്ല് നടപ്പിലാക്കുകയില്ലായെന്ന് ഏത്തമിടുകയും അത് കൊണ്ടുവന്ന മന്ത്രിയിൽ നിന്നും ദേവസ്വം വകുപ്പ് എടുത്ത് മാറ്റുകയും ചെയ്തു. അതുപോലെ തന്നെ ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണത്തിന് ഉത്തരവിട്ടിരിക്കുന്നു. ദേവസ്വം ബോർഡിൽ 96 ശതമാനം വരുന്ന ഉദ്യോഗസ്ഥരും സവർണരാണെന്ന് കണക്കുകൾ സഹിതം നിരവധി തവണ അവതരിപ്പിച്ചിട്ടും അതു ചർച്ച ചെയ്യാനോ പരിഗണിക്കാനോ തയ്യാറാവാതെയാണ് ഇപ്പോൾ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. ഈ കാര്യത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് ശക്തമായ പ്രതിഷേധവും അഭിപ്രായ വ്യത്യാസവുമുണ്ട്. പക്ഷേ ഞങ്ങൾ അതൊരിക്കലും രാഷ്ട്രീയ എതിരാളികൾ തമ്മിലുള്ള മത്സരത്തിന് കാരണമാക്കാൻ തയ്യാറല്ല. അതിലൂടെയുള്ള സമ്മർദ്ദത്തിനുമില്ല. അതിനുള്ള സമരപരിപാടികൾ യോഗം ചർച്ച ചെയ്ത് ആവിഷ്കരിക്കും. ഇപ്പോഴത്തെ സ്ത്രീ പ്രവേശന വിഷയം ഉൾപ്പെടുത്താനും ആഗ്രഹിക്കുന്നില്ല.
ഇപ്പോൾ നടക്കുന്നത് കേവലമായ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയുള്ള സമരമാണ്. ഈ സമരം നമ്മുടെ നാടിനെ എങ്ങുമെത്തിക്കില്ല. അതുകൊണ്ട് ഇപ്പോൾ പരമോന്നത നീതിപീഠത്തിൽ നിന്നും ഉണ്ടായിരിക്കുന്ന ഈ വിധിയെ എല്ലാവരും സ്വാഗതം ചെയ്യുക. വിശ്വാസികൾക്ക് ഇതൊരു വലിയ ആശ്വാസമാണ്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാവാത്ത തരത്തിൽ ചീഫ് ജസ്റ്റിസ് ഉൾക്കൊള്ളുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി തുറന്ന കോടതിയിൽ വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചത്. സർക്കാരും ഇതിനെ പോസിറ്റീവായി കാണുക. ഭരണഘടനാ സ്ഥാപനമായ സർക്കാരിനെ സംബന്ധിച്ചിടത്തോളം കോടതി വിധി നടപ്പിലാക്കാൻ ബാദ്ധ്യസ്ഥരാണ്. രാഷ്ട്രീയ എതിരാളികൾക്ക് വേണമെങ്കിൽ മറ്റു പലതും ചൂണ്ടികാണിച്ചു കൊണ്ട് ശക്തമായി എതിർക്കാം. അത് പ്രതിപക്ഷത്തിരിക്കുന്നതു കൊണ്ടുള്ള ധൈര്യമാണ്. ഭരണാധികാരികൾക്ക് ഭരണവും ഒപ്പം പ്രതിരോധവും നടത്തണം. അല്ലാത്തവർക്ക് ഇതിനെ എതിർക്കുക എന്നതു മാത്രമാണ് ലക്ഷ്യം. ഇത്തരം സന്ദർഭങ്ങളിലാണ് പക്വമതിയായ ഒരു ഭരണാധികാരിയുടെ ഭരണവൈഭവം മാറ്റുരയ്ക്കപ്പെടുന്നത്. അതിനെ ഭീരുത്വം എന്ന് വിശേഷിപ്പിക്കുന്നത് കൈയടിക്കു വേണ്ടിയാണ്.
ഇനിയെങ്കിലും എല്ലാവരും ഒന്നായി ചേർന്ന് ചർച്ച ചെയ്ത് സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതിന് മുൻപ് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് കൂട്ടായി തീരുമാനിച്ച് നാട്ടിൽ സമാധാനവും ശാന്തിയും സൃഷ്ടിക്കുന്നതിനുള്ള സാഹചര്യം രൂപപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. രാഷ്ട്രീയവും, ആക്ടിവിസവും, വാശിയും തീർക്കുവാനുള്ള ഇടമല്ല പൂങ്കാവനം. സാമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവർക്കുള്ള പുണ്യസങ്കേതമാണ് അവിടം.
(യോഗനാദം നവംബർ 16 ലക്കം മുഖപ്രസംഗം)