കൊച്ചി: അങ്കമാലി കിടങ്ങൂർ തുറവൂർ സ്വദേശിയായ റോസക്കുട്ടി ഇട്ടൂപ്പ്(85) വിധവയാണ്. മക്കളില്ല. അടുത്ത ബന്ധുക്കൾ ആരുമില്ല. സ്വന്തം പേരിൽ വീടും സ്ഥലവുമില്ല. ബാങ്ക് അക്കൗണ്ടില്ല. മുപ്പത് വർഷക്കാലം തുറവൂർ പാറേക്കാട്ടിൽ പാപ്പച്ചന്റെ വീട്ടിൽ ജോലിക്കാരിയായി പണിയെടുത്തിട്ടും ചില്ലിക്കാശ് കൈയിലില്ല. ജോലി ചെയ്യാൻ ആവതില്ലാതെ വന്നതോടെ ലക്ഷാധിപതികളായ വീട്ടുകാർ ശമ്പളം നൽകാതെ രണ്ടു മാസം മുമ്പ് അവരെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ആയകാലം മുഴുവൻ ആ കുടുംബത്തിന് വേണ്ടി പണിയെടുത്ത തനിക്ക് ശമ്പളക്കണക്കിൽ എന്തെങ്കിലും നൽകണമെന്ന അപേക്ഷയുമായി വീണ്ടും ചെന്നെങ്കിലും അവർ ആട്ടിയോടിച്ചു.
ഭർത്താവിന്റെ മരണശേഷമാണ് റോസക്കുട്ടി പാറേക്കാട്ടിൽ വീട്ടിലേക്ക് താമസം മാറ്റിയത്. വീട്ടുജോലികളും പറമ്പിലെ പണിയും മാത്രമല്ല കുട്ടികളുടെ സ്കൂൾ യാത്രകളിലും അകമ്പടിക്കാരിയായി. ഹൈസ്കൂളിലെത്തിയിട്ടും കനമുള്ള സ്കൂൾ ബാഗ് കുട്ടികൾക്ക് വിട്ടുകൊടുക്കാതെ അവർ ചുമലിലേറി. 365 ദിവസവും വിശ്രമമില്ലാതെ പണിയെടുത്തിട്ടും ശമ്പളത്തെ കുറിച്ച് ആരും മിണ്ടിയില്ല.വയസുകാലത്ത് സംരക്ഷിക്കാമെന്ന് വാക്കാൽ ഉറപ്പ് നൽകിയിരുന്നതിനാൽ കൂലിയ്ക്കു വേണ്ടി അമ്മാമ്മയും വാശിപിടിച്ചില്ല. വീട്ടുകാരി വല്ലപ്പോഴും നൽകുന്ന പത്തോ ഇരുപതോ രൂപയിൽ ശമ്പളം ഒതുങ്ങി.
ഒടുവിൽ കാൽകാശ് നൽകാതെ വൃദ്ധയെ ഇറക്കിവിട്ടെന്ന് അറിഞ്ഞ നാട്ടുകാർ കട്ടസപ്പോർട്ടുമായി ഒപ്പം ചേർന്നു. തെക്കിനേടത്ത് കുഞ്ഞൗസേപ്പ് സ്വന്തം വീട്ടിൽ അവർക്ക് അഭയം നൽകി. വാർഡ് മെമ്പർ മദ്ധ്യസ്ഥത്തിന് ശ്രമിച്ചെങ്കിലും പാറേക്കാട്ടിൽ കുടുംബക്കാർ സംസാരിക്കാൻ തയ്യാറായില്ല. ഏലിക്കുട്ടിക്ക് മാന്യമായ പ്രതിഫലം നൽകണമെന്ന തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസിന്റെ അഭ്യർത്ഥനയും നിഷ്കകരുണം തള്ളിയതോടെ നാട്ടുകാർ വനിതാകമ്മിഷനിൽ പരാതി നൽകി.
ഇന്നലെ എറണാകുളം വൈ.എം.സി.എയിൽ നടന്ന അദാലത്തിലേക്ക് വനിതാ കമ്മിഷൻ ഇവരെ വിളിച്ചുവരുത്തി. കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. പ്രമേഹരോഗിയാണ്. കാഴ്‌ചക്കുറവുണ്ട്. വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. ശിഷ്ടകാലം ഏതെങ്കിലും മഠത്തിൽ കഴിയണമെന്നും അവർ ആഗ്രഹം പറഞ്ഞു. സമൻസ് കൈപ്പറ്റിയെങ്കിലും എതിർകക്ഷിയായ പാറേക്കാട്ടിൽ കുടുംബക്കാർ ഹാജരാകാത്തതിനാൽ ഇന്ന് അങ്കമാലി സി.ഐയ്ക്ക് പരാതി നൽകണമെന്ന നിർദേശത്തോടെ ജോസഫൈൻ റോസക്കുട്ടിയെ യാത്രയാക്കി.