കൊച്ചി: ശബരിമലയിൽ ദർശനം നടത്താതെ താൻ മടങ്ങില്ലെന്ന ഉറച്ച നിലപാടുമായി പൂനെ സ്വദേശിനി തൃപ്‌തി ദേശായി ഇപ്പോഴും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തുടരുകയാണ്. സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് തിരികെ മടങ്ങണമെന്ന് പൊലീസും റവന്യൂ വകുപ്പും ആവശ്യപ്പെട്ടെങ്കിലും പിന്നോട്ടില്ലെന്നാണ് തൃപ്‌തിയുടെ നിലപാട്. എന്നാൽ ഏറ്റെടുത്ത സമരങ്ങളിൽ വിജയം കാണാതെ മടങ്ങിയിട്ടില്ലാത്ത തൃപ്‌തിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാവുന്നവർ ചുരുക്കമാണ്.
തൃപ്‌തി ദേശായി
കർണാടകയിലെ നിപാൻ താലൂക്കിൽ ജനനം
പിതാവ് ആൾദൈവം ഗഗൻഗിരിയുടെ ശിഷ്യത്വം സ്വീകരിച്ചപ്പോൾ അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പമായി തൃപ്തി
പൂനെ നതിബാൽ ദാമോദർ താക്കർസേ വുമൻസ് സർവകലാശാലയിൽ ഹോംസയൻസിൽ ബിരുദപഠനം
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് പഠനം പാതിവഴിയിൽ അവസാനിപ്പിച്ചു
ഭർത്താവ് പ്രശാന്ത് ദേശായ്, ആറ് വയസുള്ള മകനുമുണ്ട്
2003ൽ ക്രാന്തിവീർ ജോപ്പഡി വികാസ് സംഘിലൂടെ പൊതുപ്രവർത്തനത്തിലേക്ക്
2007ൽ എൻ.സി.പി നേതാവ് അജിത് പവാർ ഉൾപ്പെട്ട സഹകരണബാങ്ക് അഴിമതി പ്രക്ഷോഭത്തിൽ പങ്കുചേർന്നു
2010 ൽ ഭൂമാതാ റാൻ രാഗിണി ബ്രിഗേഡ് ആരംഭിച്ചു
ലിംഗവിവേചനത്തിനെതിരെ പോരാട്ടം തുടങ്ങി
2015ലെ മഹാരാഷ്ട്രയിലെ ശനി ശിഘ്നാപൂർ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന പോരാട്ടത്തിലൂടെ വാർത്തകളിൽ
പൂനെ കോലപൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തിന് പോരാട്ടം
സ്ത്രീപ്രവേശനം നിരോധിച്ചിരുന്ന ഹാജി അലി ദർഗാ പ്രവേശന പ്രക്ഷോഭം 2016ൽ
അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ സമരത്തിലും പങ്കാളിയായി
2010ൽ 400 പേരുമായി രൂപീകരിച്ച തൃപ്‌തിയുടെ ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയിൽ ഇപ്പോൾ പതിനായിരത്തിലേറെ അനുയായികളുണ്ട്. 2012ൽ കോൺഗ്രസ് ടിക്കറ്റിൽ പൂനെ മുൻസിപ്പൽ കോർപ്പറേഷനിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിട്ടില്ലെന്നും തനിക്കും പ്രസ്ഥാനത്തിനും രാഷ്ട്രീയ ചായ്‌വില്ലെന്നും തൃപ്‌തി വ്യക്തമാക്കുന്നു. ഏറ്റെടുത്തതെല്ലാം വിജയിപ്പിച്ച ശേഷം മാത്രം മടങ്ങിയ തൃപ്‌തി ദേശായിയെ ശബരിമല വിഷയത്തിൽ കാത്തിരിക്കുന്നത് എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.