കൊച്ചി: ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ വച്ച് തടഞ്ഞവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. സമരങ്ങൾ നിരോധിച്ച മേഖലയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ ഗുരുതര വകുപ്പുകൾ ചേർക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം തൃപ്തി ദേശായിക്കും കൂടെയുള്ളവർക്കുമെതിരെ നെടുമ്പാശേരി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങൾ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ചയാണ് പരാതി നൽകിയിരിക്കുന്നത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നൽകിയത്.