sabarimala-police
sabarimala police

ശബരിമല: പൊലീസ് ചട്ടങ്ങൾ ശബരിമല ദർശനത്തിന് എത്തുന്നവരെ വല്ലാതെ വലയ്ക്കുന്നു. നിലയ്ക്കലിൽ തൊട്ടു തുടങ്ങുന്നു ഇടപെടൽ.

നിലയ്ക്കൽ: ഇന്നലെ ഉച്ചമുതലാണ് നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് പോകാൻ അനുവദിച്ചത്. തലേദിവസമേ എത്തിയവർ പ്രാഥമിക കർമ്മങ്ങൾ നിറവേറ്റാൻ പോലും ബുദ്ധിമുട്ടി.ഭക്ഷണം ഇല്ല (ഇന്നു മുതൽ അന്നദാനം).

പമ്പ: കനത്ത മഴ. നദിയിൽ ചെളിവെള്ളം. വിശ്രമിക്കാൻ ഗണപതി കോവിൽ നടപ്പന്തൽ. ആയിരത്തോളം പേർക്ക് വിശ്രമിക്കാം. കൂടുതൽ നേരം വിശ്രമിക്കാൻ സമ്മതിക്കില്ല.

ഗാർഡ് റൂമിന് താഴെ ചെളിക്കുഴി ഭാഗത്ത് കർശന പരിശോധന. മെറ്റൽ ഡിറ്റക്ടറിലൂടെ കടക്കണം. ശരീരം അപ്പാടെ പരിശോധിക്കും.തോൾ സഞ്ചി തുറന്നു കാട്ടണം. സംശയം തോന്നിയാൽ പൊതികളെല്ലാം അഴിച്ചു കാട്ടണം.

ശബരീപീഠം: വീണ്ടും പൊലീസിന്റെ നിരീക്ഷണം

മരക്കൂട്ടം: ചന്ദ്രനന്ദൻ റോഡുവഴി പോകാൻ സ്വാതന്ത്ര്യമില്ല. നീലിമല ചവിട്ടണം. മരക്കൂട്ടത്തുനിന്നേ ക്യൂവിൽ നിൽക്കണം. വിശ്രമിക്കാൻ ക്യൂ കോംപ്ളക്സ് ഉണ്ടെങ്കിലും കൂടുതൽ നേരം തങ്ങാൻ സമ്മതിക്കില്ല.

വലിയ നടപ്പന്തൽ:നീലിമല ഇറങ്ങി വലിയ നടപ്പന്തലിന്റെ കവാടത്തിൽ വീണ്ടും പരിശോധന. മെറ്റൽ ഡിറ്റക്ടർ വഴി കടന്നു പോകണം. തോൾ സഞ്ചികൾ സ്കാനറിൽ കടത്തി വിടണം. കൂവിൽകൂടി മാത്രം മുന്നോട്ട്.

പതിനെട്ടാം പടി: പതിനെട്ടാം പടിക്കു മുന്നിലെത്തിയാൽ നാളികേരം ഉടയ്ക്കാൻ സമ്മതിക്കും. തുടർന്ന് പടികയറ്റം. മേൽപ്പാലത്തിലെ ക്യൂവിൽ മുന്നിലേക്ക്

ദർശനം: ശ്രീകോവിലിനു മുന്നിൽ ദർശനം.നെയ് തേങ്ങ ഉടയ്ക്കാം. ഫ്ളൈ ഓവറിലൂടെ മുന്നോട്ട്

മാളികപ്പുറം: മാളികപ്പുറത്ത് ദർശനം കഴിഞ്ഞാൽ താഴെ തിരുമുറ്റത്തേക്ക്. തിരുമുറ്റത്തും വലിയ നടപ്പന്തലിലും വിരിവയ്ക്കാൻ സമ്മതിക്കില്ല.

പ്രസാദ കൗണ്ടർ: അപ്പവും അരവണയും അടക്കമുള്ള പ്രസാദങ്ങൾ വാങ്ങാം. രാത്രി കൗണ്ടർ അടയ്ക്കുന്നതിനെ ചൊല്ലി ആശയക്കുഴപ്പം. പ്രസാദം കിട്ടാതെ പലർക്കും മടങ്ങേണ്ടിവരും.

നെയ്യഭിഷേകം: നെയ്യഭിഷേകം രാവിലെ മൂന്നരയ്ക്കു തുടങ്ങും. നേർച്ച നടത്താൻ സന്നിധാനത്ത് തങ്ങണം. അതിന് അനുവാദമില്ല.പുലർച്ചെ എത്താമെന്ന കണക്കുകൂട്ടലിൽ പുറപ്പെടുന്നവർ എപ്പോൾ എത്തുമെന്ന് പറയാനും കഴിയില്ല.