താങ്ങാൻ വയ്യാത്ത സാമ്പത്തിക ചെലവുകളും, കൃത്യസമയത്തുള്ള ഇൻസുലിൻ കുത്തിവയ്പും, അവർക്കുവേണ്ടിയുള്ള സമീകൃത ആഹാരം പാകം ചെയ്യലും സ്‌കൂളിൽ വച്ച് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ഹൈപോ ഗ്‌ളൈസീമിയയും അതുമൂലം പലപ്രാവശ്യം സ്‌കൂളിൽപോകേണ്ടിവരുന്ന സാഹചര്യങ്ങളും പ്രയാസം തന്നെ. ഈ അവസ്ഥ രോഗികളായ കുഞ്ഞുങ്ങളിൽ തന്നെ വിഷാദരോഗം, ആശങ്ക എന്നിവ വരാൻ കൂടുതൽ സാദ്ധ്യതയുണ്ട്. തങ്ങൾ, കുടുംബത്തിന് ഒരു ബാദ്ധ്യത ആണെന്ന തോന്നലും അപകർഷതാബോധം കൊണ്ട് പഠിത്ത കാര്യങ്ങളിൽ ശ്രദ്ധിക്കാതെയും വരാം. ചില കുട്ടികൾ മാതാപിതാക്കന്മാരെ അനുസരിക്കാൻ വിസമ്മതിക്കുന്നു.
പ്രായമായ പ്രമേഹരോഗികൾക്ക് , ഹൃദ്രോഗം, അമിത രക്തസമ്മർദ്ദം, ശ്വാസം മുട്ട്, ദുർമേദസ്, സന്ധിവാത രോഗങ്ങൾ എന്നിവയും കൂടി ഉള്ളതുകൊണ്ട്ശരാശരി 2000 3000 രൂപ ഒരു മാസം ചെലവ് വരുന്നു. സ്വന്തം വരുമാനം ഇല്ലാത്തവർക്ക് മരുന്നുകൾക്ക് വേണ്ടി മക്കളെ ആശ്രയിക്കേണ്ടിവരുന്നതുകൊണ്ട് പലരും ആരും അറിയാതെ മനഃപൂർവം മരുന്നുകൾ കഴിക്കാതിരിക്കുകയും ചിലരെ ഈ മാനസികാവസ്ഥ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പ്രമേഹ രോഗികൾക്ക്അവരുടെ കുടുംബത്തിന്റെ പിൻതാങ്ങൽ, സംരക്ഷണം എന്നിവ വളരെ ആവശ്യമാണ്.
ടൈപ്പ് 1 പ്രമേഹ രോഗികൾക്കായി 'മിഠായി പദ്ധതി' എന്ന പേരിൽ കേരള ഗവൺമെന്റ് തുടങ്ങിയിട്ടുണ്ട്. സൗജന്യമായി ഇൻസുലിൻ, ഗ്ലൂക്കോമീറ്റർ, ഇൻസുലിൻ പേനകൾ എന്നിവ രോഗികൾക്ക് കിട്ടുന്നതാണ്. ബോധവത്കരണ ക്ലാസുകൾ, രോഗവിവരങ്ങളെപ്പറ്റിയുള്ള വിദ്യാഭ്യാസം, പ്രാരംഭകാലത്തു തന്നെയുള്ള രോഗനിർണയം, ജീവിതശൈലികളിലും ഭക്ഷണക്രമങ്ങളിൽ വരുത്തുന്ന വ്യത്യാസങ്ങൾ എന്നിവ പ്രമേഹ രോഗത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സാധിക്കുന്നു. പ്രമേഹരോഗമുള്ള കുഞ്ഞുങ്ങളുടെ അദ്ധ്യാപകരും ഈ രോഗത്തെപ്പറ്റി അറിഞ്ഞിരുന്നാൽ സ്‌കൂളിൽ വച്ചുണ്ടാകുന്ന ഹൈപ്പോ ഗ്‌ളൈസീമിയ പോലുള്ള പ്രശ്നങ്ങൾ വന്നാൽ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകാൻ സാധിക്കും. കൂടാതെ മറ്റ് വികലാംഗർക്ക് (ഭിന്നശേഷിക്കാർ ) ഗവൺമെന്റ് നൽകുന്ന സംവരണം ടൈപ്പ് 1 പ്രമേഹ രോഗികൾക്കും കൊടുക്കേണ്ടതാണ്.