ലണ്ടൻ: കുഞ്ഞിന് രണ്ടോ മൂന്നോ വയസാകുമ്പോൾ തന്നെ മുലകുടി നിറുത്തിക്കുന്നവരാണ് കേരളത്തിലെ ഒട്ടുമിക്ക അമ്മമാരും. എന്നാൽ ഇതാ ഇവിടെ ഒരമ്മ തന്റെ മകൾ മുലകുടി മതിയാക്കുന്നു എന്ന് ദുഃഖത്തോടെ പോസ്റ്റിട്ടിരിക്കുകയാണ്.
മകൾ കൈക്കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കരുത്. വരുന്ന ഏപ്രിലിൽ ഷാരോണിന്റെ മകളായ ഷാർലെറ്റിന്റെ പത്താം പിറന്നാളാണ് . പിറന്നാൾ ആഘോഷത്തിനു മുന്നോടിയായാണ് ഷാർലറ്റ് ഈ തീരുമാനമെടുത്തത്.
മകളുടെ വിപ്ലവകരമായ തീരുമാനമാണിതെന്നും മകൾക്ക് മുലപ്പാൽ കൊടുക്കുന്നത് മിസ് ചെയ്യുമെന്നുമാണ് അമ്മ ഷാരോൺ പറയുന്നത്. അൻപതുകാരിയായ ഷാരോണിന്റെ നാലു മക്കളിൽ ഇളയവളാണ് ഷാർലെറ്റ്.
അഞ്ചു വയസുവരെ സൂപ്പർ മാർക്കറ്റ്, പള്ളി തുടങ്ങിയ പൊതുസ്ഥലങ്ങളിൽ വച്ചും ഷാർലെറ്റ് മുലപ്പാൽകുടിക്കുമായിരുന്നു. ക്രമേണ ആ പതിവ് അവൾ തന്നെ നിർത്തി. എന്നാൽ ഒരു സങ്കടമോ ക്ഷീണമോ വന്നാൽ ഷാർലെറ്റ് ഓടിയെത്തുന്നത് അമ്മയുടെ മടിയിലേക്കാണ്. മാസത്തിൽ ഒരു തവണയെങ്കിലും മുലപ്പാൽ കുടിക്കാൻ അവൾ ശ്രമിച്ചിരുന്നു.
മുലപ്പാലിന്റെ അഭാവം കൊണ്ട് ആദ്യത്തെ മൂന്ന് കുട്ടികൾക്കും പ്രതിരോധ പ്രശ്നങ്ങളുണ്ടായിരുന്നു. പലപ്പോഴും അവരെ ആരോഗ്യ പ്രശ്നങ്ങൾ ശല്യപ്പെടുത്തുന്നുണ്ട്. എന്നാൽ ഷാർലെറ്റിന്റെ കാര്യത്തിൽ ഒരു പ്രശ്നവുമില്ല. നാലാമത്തെ കുട്ടി ഉണ്ടായപ്പോൾ കഴിയുന്നത്ര കാലം മുലപ്പാൽ കൊടുക്കുമെന്ന ഷാരോണിന്റെ തീരുമാനമാണ് ഷാർലെറ്റിന്റെ ആരോഗ്യരഹസ്യം. കുഞ്ഞുങ്ങൾ വളരുന്നത് മുലപ്പാൽ നൽകാതിരിക്കാനുള്ള കാരണമല്ല എന്നാണ് ഷാരോണിന്റെ അഭിപ്രായം. കുട്ടികൾക്കുള്ള ദിവ്യ ഔഷമാണ് മുലപ്പാൽ. അത് അവരുടെ ആരോഗ്യവും പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കും. പത്തു വയസുള്ള തന്റെ മകൾക്ക് മുലപ്പാൽ കൊടുക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും നേരത്തേ ഇത് നിറുത്തിയിരുന്നെങ്കിൽ തനിക്ക് ഈ നിമിഷങ്ങൾ ആസ്വദിക്കാൻ സാധിക്കുമായിരുന്നില്ല എന്നും ഷാരോൺ പറയുന്നു.