vellappally

കൊല്ലം: ശബരിമല പ്രശ്നത്തെ രാഷ്ട്രീയ ആയുധമാക്കരുതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം സൈബർസേന സംസ്ഥാന പ്രവർത്തക കൺവെൻഷൻ യോഗം കേന്ദ്ര കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടിയോ ശ്രീധരൻപിള്ളയോ ആണ് മുഖ്യമന്ത്രിയെങ്കിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടി വരും. ശബരിമല പ്രശ്നത്തിൽ പിണറായിക്കൊപ്പമല്ല, ഭക്തർക്കൊപ്പമാണ് യോഗം. എന്നാൽ തെരുവിലിറങ്ങരുത്. ഇറങ്ങിയാൽ സ്വയം നശിക്കും. ശബരിമലയിൽ കൂടെ കൊണ്ടുപോകാൻ ചിലർക്ക് ബി.ഡി.ജെ.എസിനെ വേണം. നാല് കൊല്ലം കൂടെ കൊണ്ട് നടന്നിട്ട് എന്ത് തന്നു?
കേരളകൗമുദി ഒഴിച്ച് മറ്റൊരു പത്രവും യോഗത്തെ ആത്മാർത്ഥമായി സഹായിക്കാറില്ല. ചില പത്രങ്ങൾ ബോധപൂർവം അവഗണിക്കുന്നു. യോഗം ചെയ്യുന്ന നന്മകൾ ഇക്കൂട്ടർ പുറത്തറിയിക്കില്ല. എന്നാൽ സൈബർസേന പ്രവർത്തകർ യോഗത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുന്നു. ശിവഗിരിയിൽ മഹാസമാധി നവതി ആഘോഷം വൻവിജയമാക്കിയതിൽ സൈബർസേനയുടെ പങ്ക് വലുതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ, പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യോഗം കൗൺസിലർമാരായ പി. സുന്ദരൻ, വനജ വിദ്യാധരൻ, പിന്നാക്ക വികസന കോ‌ർപറേഷൻ മുൻ എം.ഡി വി.ആർ. ജോഷി, ബാനർജി ഭാസ്കർ, അരുൺ കോട്ടയം തുടങ്ങിയവർ സംസാരിച്ചു. സൈബർസേന സംസ്ഥാന ചെയർമാൻ കിരൺ ചന്ദ്രൻ സ്വാഗതവും കൺവീനർ സുധീർകുമാർ ചോറ്റാനിക്കര നന്ദിയും പറ‌ഞ്ഞു. തുടർന്ന് 'നവമാദ്ധ്യമ പ്രചാരണവും സംഘടനാ കാഴ്ചപ്പാടും" എന്ന വിഷയത്തിൽ ബാനർജി ഭാസ്കർ ക്ലാസെടുത്തു.

നേതൃത്വമില്ലാത്ത സമരത്തിനില്ല: തുഷാർ

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ജനക്കൂട്ടമാണ് സമരം ചെയ്യുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഈ സമരത്തിന് നേതൃത്വമില്ല. നേതൃത്വമില്ലാത്ത സമരത്തിൽ യോഗത്തിന് പങ്കെടുക്കാനാവില്ല.