കൊച്ചി: വിമാനത്താവളത്തിൽ നിന്നും തിരികെ പൂനെയിലേക്ക് മടങ്ങുന്ന കാര്യത്തിൽ തീരുമാനം വൈകുന്നേരെ ആറ് മണിക്ക് അറിയിക്കാമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. താൻ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയുമായോ കോൺഗ്രസുമായോ മറ്റ് രാഷ്ട്രീയ പാർട്ടികളുമായോ തനിക്ക് ബന്ധവുമില്ല. അഞ്ച് വർഷമായി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായിട്ടില്ല. സ്ത്രീകളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് തന്റെ പ്രവർത്തനം. മടങ്ങണമെന്ന കാര്യത്തിൽ ആറ് മണിയോടെ തീരുമാനം അറിയിക്കും. എന്നാൽ മണ്ഡലകാലത്ത് തന്നെ തിരികെയെത്തുമെന്നും അവർ വ്യക്തമാക്കി. എന്നാൽ മടങ്ങുന്ന കാര്യത്തിൽ തീരുമാനം വൈകിക്കരുതെന്നാണ് പൊലീസ് തൃപ്‌തിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ശബരിമലയിൽ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി ദേശായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ തൃപ്‌തി ദേശായി നിയമോപദേശം തേടിയിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കുകയാണെങ്കിൽ നിയമോപദേശം നൽകാൻ തയ്യാറാണെന്ന് മൂന്ന് വനിതാ അഭിഭാഷകർ തൃപ്‌തിയെ അറിയിച്ചതായും സൂചനയുണ്ട്.
അതേസമയം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന് മുന്നിൽ ബി.ജെ.പി - ഹിന്ദു ഐക്യവേദി പ്രവർത്തകർ നടത്തുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ 4.30ഓടെ കൊച്ചിയിലെത്തിയ തൃപ്‌തിക്ക് പ്രതിഷേധം കാരണം ഇപ്പോഴും വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാൽ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോകാൻ വാഹനം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. വിമാനത്താവളത്തിലെ പ്രീപെയ്ഡ് കൗണ്ടറിലെ ടാക്‌സികളും ഓൺലൈൻ ടാക്‌സികളും തൃപ്‌തിയെ കൊണ്ടുപോകാൻ തയ്യാറായിട്ടില്ല. പ്രതിഷേധം തങ്ങൾക്കും വാഹനത്തിനും നേരെയുണ്ടാകുമെന്ന് ഭയന്നാണ് തങ്ങൾ ഇതിൽ നിന്നും പിന്തിരിയുന്നതെന്ന് ഡ്രൈവർമാരുടെ നിലപാട്.