പമ്പ: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. പറ്റുമെങ്കിൽ നാളെ തന്നെയോ അല്ലെങ്കിൽ തിങ്കളാഴ്ചയോ കോടതിയെ സമീപിക്കും. ബോർഡ് യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് പത്മകുമാർ കൂട്ടിച്ചേർത്തു. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് പത്മകുമാർ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
മുതിർന്ന അഭിഭാഷകനായ ചന്ദർ ഉദയ സിംഗ് ദേവസ്വം ബോർഡിനായി സുപ്രീം കോടതിയിൽ ഹാജരാകും. എത്ര സമയം സാവകാശം നൽകണമെന്നു തീരുമാനിക്കുന്നത് സുപ്രീം കോടതിയാണ്. എന്തായാലും നാളെയോ അല്ലെങ്കിൽ തിങ്കളാഴ്ചയോ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശബരിമലയിലെ ക്രമസമാധാനപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാവും പ്രധാനമായും സാവകാശഹർജി നൽകുക. പന്തളം രാജകുടുംബവും തന്ത്രികുടുംബവും ഉന്നയിച്ച ആചാരപ്രശ്‌നങ്ങൾ കൂടി ഹർജിയിൽ ചൂണ്ടിക്കാട്ടും. ആചാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ബോർഡ് ഒരുക്കമല്ലെന്നും പത്മകുമാർ വ്യക്തമാക്കി.