തായ്പേയ്: എല്ലാവരും ഓർമ്മകളിൽ ജീവിക്കുമ്പോൾ ഇരുപത്താറുകാരനായ ചെൻ ഹോങ് ഷി മറവികളിലാണ് ജീവിക്കുന്നത്. ഒൻപത് വർഷം മുൻപ് നടന്ന അപകടത്തിൽ ചെനിന് തന്റെ ഓർമകൾ നഷ്ടമാവുകയായിരുന്നു. വളരെ ചുരുങ്ങിയ സമയം മാത്രമേ ഓർമ നിൽക്കുകയുള്ളു. അതിനാൽ പ്രധാനപ്പെട്ട വിവരങ്ങൾ ഒരു ചെറിയ നോട്ട് ബുക്കിൽ കുറിച്ച് വെക്കുകയാണ് ചെനിന്റെ പതിവ്. അപകടത്തിൽ തലയ്ക്ക് സാരമായ പരിക്കേറ്റ ചെനിന്റെ ഓർമ്മകളെ ക്രമീകരിക്കുന്ന മസ്തിഷ്ക ഭാഗത്തിന് ക്ഷതമേറ്റിരുന്നു. ക്ഷതമേറ്റതിനെ തുടർന്ന് ഈ മസ്തിഷ്ക ഭാഗത്തിന്റെ കുറെ ഭാഗങ്ങൾ നീക്കം ചെയ്തിരുന്നു. തുടർന്ന് ഓർമ്മകൾ നഷ്ടപ്പെട്ട ചെൻ തനിക്ക് പ്രധാന വിവരങ്ങൾ എഴുതി വെക്കാൻ തുടങ്ങിയത്. ഓരോ സംഭവങ്ങളും നീലമഷിപ്പേന കൊണ്ടെഴുതി വെക്കുന്ന ചെന്നിനെ കുറിച്ചറിയുമ്പോള്‍ നമുക്കോര്‍മ വരുന്ന ഒരു കഥാപാത്രമുണ്ട്, 'ഗജിനി' എന്ന തമിഴ് സിനിമയിലെ സഞ്ജയ് രാമസാമി.
അറുപത്തിയഞ്ചുകാരിയായ രണ്ടാനമ്മ വാങ് മിയാവോ ക്യോങ്ങിനൊപ്പമാണ് ചെൻ താമസിക്കുന്നത്. അച്ഛന്റെ മരണശേഷം ഭിന്നശേഷിയുള്ളവർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന ധനസഹായത്തുക ആശ്രയിച്ചാണ് ഇവർ ജീവിക്കുന്നത്. വീട്ടിൽ ചെറിയ കൃഷിയുമുണ്ട്. കൃഷി വിളകൾ അയൽക്കാർക്ക് നൽകി പകരം അവശ്യ വസ്തുക്കൾ അവരിൽ നിന്ന് വാങ്ങുകയും ചെയ്യുന്നു. ചെന്നിന് നാട്ടുകാരുടെ വക ഒരു ചെല്ലപ്പേരുണ്ട് 'നോട്ട്ബുക്ക് ബോയ്'.
ഒരിക്കൽ ചെനിന്റെ നോട്ട് ബുക്ക് നഷ്ടമായതിനെ തുടർന്ന് ചെൻ വളരെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് ചെനിന്റെ അച്ഛൻ പുസ്തകം കണ്ടെത്തിക്കൊടുത്തതും ചെൻ നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ട്ബുക്കിൽ കുറിച്ച വിവരങ്ങളുടെ സഹായത്താൽ നഷ്ടമായ ഒരു ഫോൺ ചെൻ കണ്ടെത്തിയിരുന്നു. മസ്തിഷ്കത്തിന്റെ ഭൂരിഭാഗം നഷ്ടമായ ഒരാൾക്ക് ചെയ്യാവുന്നതിലുപരി ചെൻ ചെയ്യുന്നുണ്ടെന്നാണ് ചികിത്സിക്കുന്ന ഡോക്ടർ ലിൻ മിങ്-ടെങ് പറയുന്നത്. വിവരങ്ങൾ സ്വീകരിക്കുവാനും ക്രമീകരിക്കുവാനും ചെനിന് അസാധ്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.