കൊച്ചി :ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി. ഇന്ന് രാത്രി 9.30ഓടെ മടങ്ങുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു. വിമാനത്താവളത്തിൽ നിന്നും തിരികെ പൂനെയിലേക്ക് മടങ്ങുന്ന കാര്യത്തിൽ തീരുമാനം വൈകിട്ട് ആറിന് ശേഷം അറിയിക്കാമെന്ന് തൃപ്‌തി ദേശായി നേരത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ മണ്ഡലകാലത്ത് തന്നെ തിരികെവരുമെന്നും അവർ അറിയിച്ചിരുന്നു.
ഇന്ന് രാവിലെ 4.30ഓടെ കൊച്ചിയിലെത്തിയ തൃപ്‌തിക്ക് പ്രതിഷേധം കാരണം വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. 13 മണിക്കൂറിലേറെ ഇവർ നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലായിരുന്നു. വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോകാൻ വാഹനം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. വിമാനത്താവളത്തിലെ പ്രീപെയ്ഡ് കൗണ്ടറിലെ ടാക്‌സികളും ഓൺലൈൻ ടാക്‌സികളും തൃപ്‌തിയെ കൊണ്ടുപോകാൻ തയ്യാറായില്ല.
ഇതിനിടെ തൃപ്തി ദേശായിയുടെ പൂനെയിലെ വസതിയിലേക്ക് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം, ശബരിമലയിൽ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി ദേശായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ തൃപ്‌തി ദേശായി നിയമോപദേശം തേടിയിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കുകയാണെങ്കിൽ നിയമോപദേശം നൽകാൻ തയ്യാറാണെന്ന് മൂന്ന് വനിതാ അഭിഭാഷകർ തൃപ്‌തിയെ അറിയിച്ചതായും സൂചനയുണ്ട്.