home

ഹെസ്പെരിയ: 1984ൽ നാദർ ഖലീലി എന്ന അമേരിക്കൻ ശില്പി ഒരു വീടു പണിതു. ചൊവ്വയിലേക്കൊരു കുടിയേറ്റമുണ്ടായാൽ അവിടെ സുഖമായി തങ്ങാൻ സാധിക്കുന്ന നിർമ്മിതി എന്ന രീതിയിലാണ് നാദർ ഈ വീടുകളെ നാസയ്ക്ക് പരിചയപ്പെടുത്തിയത്. ചൊവ്വയിലേക്ക് കുടിയേറ്രമുണ്ടായില്ലെങ്കിലും പിന്നീട് പ്രകൃതി ദുരന്തങ്ങളെ ഫലവത്തായി തടുക്കുന്ന ഭൂമിയിലെ വീടുകളായി അവ മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവന രഹിതരായ 16 ലക്ഷം പേ‌ർക്കാണ് ഇന്ന് നാദറിന്റെ വീട് അഭയം നൽകുന്നത്. അമേരിക്കയിൽ കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന നാദറിന്റെ 'കാൾ എർത്ത്" എന്ന നിർമ്മാണ കമ്പനിയാണ് നിർമ്മാണത്തിനു പിന്നിൽ.

ധ്രുവപ്രദേശങ്ങളിലെ മഞ്ഞുവീടുകളായ ഇഗ്ലുവിന് സമാനമാണ് ഇവയുടെ ആകൃതി. മണൽ ചാക്കുകളുപയോഗിച്ചാണ് വീടിന്റെ ചുവരുകളുടെയും മേൽക്കൂരയുടെയും നിർമ്മാണം. കുഴൽ പോലെ നീണ്ട പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ച് വൃത്താകൃതിയിൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കി കമ്പികൾ കൊണ്ട് പരസ്പരം ബന്ധിക്കും. തുടർന്ന് വീടിന്റെ ഉൾഭാഗവും പുറത്തും ചെളി കൊണ്ട് മെഴുകും. ചൂടിനെ ചെറുക്കാനാണിത്. പിന്നീട് ഇഷ്ടം പോലെ മോടിപിടിപ്പിക്കാം. 2008ൽ നാദറിന്റെ മരണശേഷം മകൻ ദസ്കറാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.

പ്രത്യേകതകൾ

 ഭൂകമ്പം, കൊടുങ്കാറ്റ്, തീപിടിത്തം എന്നിവയെ ചെറുക്കുന്നു

 500 വർഷത്തെ കരുത്ത്

 പഴകും തോറും മണ്ണിനോടിണങ്ങും, കരുത്തുകൂടും

 വീടുകൾ സ്ഥിതിചെയ്യുന്നത്: ഒമാൻ, വെനസ്വേല, കോസ്റ്റാറിക്ക

പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് കാലങ്ങളോളം നിലനിൽക്കുന്ന വീടുകളാണ് തങ്ങൾ ലക്ഷ്യമിടുന്നത്. ഭാവിക്കു വേണ്ടിയാണ് ഈ നിർമ്മാണം.

ദസ്കർ ഖലീലി, കാൾ എർത്ത് പ്രസിഡന്റ്