തിരുവനന്തപുരം :ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിക്കുമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ യോഗത്തിൽ നിരാകരിച്ച ആവശ്യമാണ് ഇപ്പോൾ അംഗീകരിച്ചത്. ഇതെന്തു ജനാധിപത്യമാണെന്നും ചെന്നിത്തല ചോദിച്ചു.
ശബരിമലയിൽ യുവതീ പ്രവേശനത്തിന് കാട്ടുന്ന ആവേശം ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ കാണിക്കുന്നില്ല. തീർത്ഥാടനത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനാവാതെ പോയത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വീഴ്ചയാണ്. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഭക്തജനങ്ങൾക്ക് ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഭക്തജനങ്ങളുടെ വികാരങ്ങളും ആചാരങ്ങളും സംരക്ഷിക്കണമെന്നത് ദേവസ്വം ബോർഡിന്റെ കടമയാണ്. ആ കടമ നിറവേറ്റണം. ഒരു ദിവസം ഒരു ലക്ഷം വച്ച് 70 ലക്ഷം പേരെ മാത്രമേ ശബരിമലയിലേക്ക് കടത്തൂ എങ്കിൽ ബാക്കി വരുന്ന 4 കോടി 9 ലക്ഷം പേർ എവിടെ പോകും?
പ്രശ്‌നങ്ങൾ വഷളാക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയാണോ സർക്കാരിന്റെ കടമ? തൃപ്തി ദേശായിക്ക് പത്ത് വർഷമായി കോൺഗ്രസുമായി ഒരു ബന്ധവുമില്ല. തൃപ്തി ദേശായിയെപ്പോലുള്ളവരെ നിർബന്ധമായി ശബരിമലയിൽ കേറ്റണം എന്ന ചിന്ത സർക്കാരിന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.