ഹൈദരാബാദ്: സി.ബി.ഐ ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവേശിക്കാനോ കേസന്വേഷണം നടത്താനോ സാധിക്കില്ലെന്ന് കാട്ടി ആന്ധ്രപ്രദേശ് സർക്കാർ ഉത്തരവിറക്കി. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്താമെന്ന അനുമതിക്കെതിരെയാണ് സർക്കാർ ഉത്തരവിറക്കിയത്.
ഇനി ആന്ധ്രപ്രദേശിന്റെ അധികാര പരിധിക്കുള്ളിൽ നടക്കുന്ന കേസുകളിൽ സി.ബി.ഐക്ക് ഇടപെടാൻ സാധിക്കില്ല. സി.ബി.ഐ അഴിമതി ആരോപണങ്ങളെ തുടർന്ന് വിശ്വാസ്യത നഷ്ടപ്പെട്ടതിനാലാണ് തീരുമാനമെന്നും ചന്ദ്രബാബു നായിഡു സർക്കാർ വ്യക്തമാക്കി.
സി.ബി.ഐക്ക് പകരം ആന്ധ്രപ്രദേശ് ആന്റി കറപ്ഷൻ ബ്യൂറോ ആയിരിക്കും റെയ്ഡുകളും മറ്റ് പരിശോധനകളും നടത്തുക. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പരിശോധന നടത്താനും ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.
ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് സി.ബി.ഐ പ്രവർത്തിക്കുന്നത്. ഡൽഹിയുടെ പരിധിയിൽ സി.ബി.ഐക്ക് പരമാധികാരമുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രവേശിക്കണമെങ്കിൽ സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്.
എന്നാൽ നിയമപരമായി ഉത്തരവ് നിലനിൽക്കുമോ എന്ന് വ്യക്തമല്ല.
മുമ്പ് ഛത്തീസ്ഗഡ് സർക്കാർ ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയപ്പോൾ സി.ബി.ഐ അതിനെ കോടതിയിൽ ചോദ്യം ചെയ്തിരുന്നു.