ലണ്ടൻ: ഇംഗ്ലണ്ടിനായി ഏറ്രവും കൂടുതൽ ഗോൾ നേടിയ ഇതിഹാസ താരം വെയ്ൻ റൂണിയ്ക്ക് തകർപ്പൻ ജയത്തോടെ ഇംഗ്ലീഷ് താരങ്ങൾ അർഹിക്കുന്ന യാത്രഅയപ്പ് നൽകി. റൂണിയുടെ വിടവാങ്ങൽ മത്സരത്തിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് യു.എസ്.എയെ കീഴടക്കി. വെംബ്ലി വേദിയായ മത്സരത്തിൽ ജെസ്സെ ലിൻഗാർഡ്, അലക്സാണ്ടർ അർനോൾഡ്, അരങ്ങേറ്റക്കാരൻ കല്ലം വില്യംസൺ എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോർ ചെയ്തത്. മത്സരത്തിന് മുമ്പ് ഗാർഡ്ഒഫ് ഹോണർ നൽകിയാണ് താരങ്ങൾ റൂണിയെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്. 58-ാം മിനിറ്റിൽ ലിൻഗാർഡിന് പകരക്കാരനായാണ് ഇംഗ്ലണ്ട് ക്യാപ്ടന്റെ ആംബാൻഡ് അവസാനമായണിഞ്ഞ് റൂണി കളത്തിലിറങ്ങിയത്.
പ്രായത്തിന് പ്രതിഭയെ തളർത്താനാകില്ലെന്ന് തെളിയിച്ച് കളിക്കളത്തിൽ സുന്ദര നീക്കങ്ങൾ നടത്തിയ റൂണിയുടെ മുന്നേറ്റങ്ങളെ നിറഞ്ഞ കൈയടിയോടെയാണ് കാണികൾ വരവേറ്റത്. മത്സരത്തിനിടെ ഒരു ആരാധകൻ ആവേശത്തിരതള്ളലിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഗ്രൗണ്ടിൽ കടന്ന് റൂണിക്കരികിലെത്തുകയും ചെയ്തു.
വിടവാങ്ങൽ മത്സരത്തി ഗോളടിച്ച് മടങ്ങാമെന്ന റൂണിയുടെ മോഹത്തിന് അമേരിക്കൻ ഗോളി ഗുസാൻ വിലങ്ങുതടിയാവുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷം ഇഞ്ച്വറി ടൈമിൽ ഗോളെന്നുറച്ച റൂണിയുടെ ഷോട്ട് ഗുസാൻ പറന്ന് രക്ഷപ്പെടുത്തി. ഇംഗ്ലീഷ് ജേഴ്സിയിൽ റൂണിയുടെ 120-ാം മത്സരമായിരുന്നു ഇത്.
അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഡി.സി യുണൈറ്റഡിനായി റൂണി കളിതുടരും. റൂണിയുടെ പേരിലുള്ള ചാരിറ്റി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കായാണ് മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിക്കുക.