കോട്ടയം: ശബരിമലയിലെ യുവതീപ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമാണു പിടിവാശി കാണിക്കുന്നതെന്ന് അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ പറഞ്ഞു.
സുപ്രിംകോടതി വിധിയിൽ സാവകാശ ഹർജി സമർപ്പിക്കാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം സ്വാഗതാർഹമാണ്. പ്രളയദുരന്തത്തിൽ തകർന്ന പമ്പയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നു കോടതിയെ ബോദ്ധ്യപ്പെടുത്തണമെന്നും രാഹുൽ പറഞ്ഞു.
സി.പി.എമ്മിന്റെ ലിംഗസമത്വം നടപ്പാക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ഓർക്കണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. വിഷയം ശരിയായി മനസ്സിലാക്കാതെ ലിംഗ വിവേചനമെന്ന കണ്ണിലൂടെ കണ്ടതാണ് ശബരിമലയുടെ കാര്യത്തിൽ സുപ്രിംകോടതിയിൽ നിന്ന് പ്രതികൂല വിധി ഉണ്ടാകാൻ കാരണം.
പുനഃപരിശോധനാഹർജികൾ പരിഗണിക്കുമ്പോൾ അയ്യപ്പ ധർമസേനയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകർ ഹാജരാകും. കേസ് ജയിക്കുമെന്ന വിശ്വാസമുണ്ട്. യുവതികൾ ശബരിമലയിൽ എത്തിയാൽ തടയും. വ്യക്തിപരമായി ചില താത്പര്യമുളളതുകൊണ്ടാണു വിരമിക്കുന്നതിനു തൊട്ടുമുൻപ് സുപ്രീംകോടതിയിൽ ഒരു ജഡ്ജി ഇത്തരമൊരു യുവതീപ്രവേശത്തിന് അനുകൂല നിലപാട് സ്വീകരിച്ചത്. ശബരിമല വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.