trupti-desai

നെടുമ്പാശ്ശേരി: വിശ്വാസികളെ പേടിച്ചല്ല മടങ്ങുന്നതെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കരുതെന്ന പൊലീസ് അഭ്യർത്ഥന മാനിച്ചാണ് മടങ്ങി പോകുന്നത്. വിമാനത്താവളത്തിൽ വന്നിറങ്ങിയത് തൊട്ട് തന്നെ പ്രതിഷേധക്കാർ അസഭ്യവർഷം കൊണ്ട് മൂടി. ചിലർ ആക്രമിക്കാൻ ശ്രമിച്ചു. വിശ്വാസികളാണ് തന്റെ വരവിൽ പേടിച്ചതെന്നും തൃപ‌്തി പറയുന്നു.

തനിക്ക് താമസസൗകര്യം ഒരുക്കാൻ ഹോട്ടലുകാർ തയ്യാറായില്ല. ടാക്‌സിക്കാരും വരാൻ തയ്യാറായില്ല. എന്നാൽ ഇത് പേടിച്ചു മടങ്ങി പോകുന്നതാണെന്ന് കരുതേണ്ട. ഗുണ്ടായിസം ഒന്നും വില പോകില്ല. സുപ്രീം കോടതി വിധിയുടെ പിൻബലം തനിക്കുണ്ട്. ഇനിയും തിരിച്ചു വരും. എന്നാൽ ഇനി മുൻകൂട്ടി അറിയിക്കാതെയാകും എത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞു.

ഇന്ന് രാവിലെ 4.30ഓടെ കൊച്ചിയിലെത്തിയ തൃപ്‌തിക്ക് പ്രതിഷേധം കാരണം വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. 13 മണിക്കൂറിലേറെ ഇവർ പ്രതിഷേധം കാരണം നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലായിരുന്നു. വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോകാൻ വാഹനം ലഭിക്കാത്തതായിരുന്നു മറ്റൊരു പ്രശ്‌നം. വിമാനത്താവളത്തിലെ പ്രീപെയ്ഡ് കൗണ്ടറിലെ ടാക്‌സികളും ഓൺലൈൻ ടാക്‌സികളും തൃപ്‌തിയെ കൊണ്ടുപോകാൻ തയ്യാറായില്ല.