റായ്‌പൂർ: ഗന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ അദ്ധ്യക്ഷനാക്കാൻ കോൺഗ്രസ് തയ്യാറായാൽ ജവഹർലാൽ നെഹ്‍റു യഥാർത്ഥ ജനാധിപത്യ സംവിധാനം തന്നെയാണ് ഉണ്ടാക്കിയതെന്നു താൻ വിശ്വസിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെല്ലുവിളിച്ചു.
ചത്തീസ്ഗഡിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്.
ഗാന്ധി കുടുംബത്തിലെ അംഗമല്ലാത്ത ഒരാളെ കോൺഗ്രസ് അഞ്ച് വർഷം പാർട്ടി അദ്ധ്യക്ഷനാക്കാൻ
വെല്ലുവിളിക്കുകയാണെന്നും മോദി പറഞ്ഞു. കോൺഗ്രസിലെ നാല് തലമുറകൾ ഇതിനകം രാജ്യം ഭരിച്ചു. രാജ്യത്തിനായി എന്തൊക്കെയാണു ചെയ്തതെന്ന് അവർ വ്യക്തമാക്കണം. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ കോൺഗ്രസിനു മനസിലാകില്ല. പക്ഷേ ഒരു ചായവിൽപ്പനക്കാരന് അതു സാധിക്കും- മോദി പറഞ്ഞു.
ആദ്യഘട്ടതിരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗിലൂടെ നക്സലുകൾക്കു ബസ്തറിലെ ജനങ്ങൾ ശക്തമായ മറുപടി നൽകിയെന്നും മോദി അവകാശപ്പെട്ടു.
ഡോലക്കിൽ താളമിട്ട് മോദി
വേദിയിൽ വച്ച് പരമ്പരാഗത വാദ്യോപകരണമായ ചുവപ്പ് ഡോലക്കിൽ പ്രധാനമന്ത്രി താളം പിടിച്ചത് ജനശ്രദ്ധ നേടി. പ്രസംഗിക്കാൻ മൈക്കിന് അടുത്തെത്തിയപ്പോൾ പ്രവർത്തകരാണ് അദ്ദേഹത്തിന് ഡോലക് നൽകിയത്. തുടർന്ന് അദ്ദേഹം താളംപിടിക്കുകയായിരുന്നു. പ്രവർത്തകരും കാണികളും കരഘോഷം മുഴക്കി.