കൊച്ചി: സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പ് സംരംഭങ്ങൾ നടപ്പു സാമ്പത്തിക വർഷം സെപ്‌തംബർ വരെ നേടിയ മൊത്തം നിക്ഷേപം 273 കോടി രൂപ. കേരള സ്‌റ്റാർട്ടപ്പ് മിഷൻ, ടൈ കേരള, ഇൻക് 42 എന്നിവ സംയുക്തമായി തയ്യാറാക്കിയ ഇക്കോ സിസ്‌റ്റം റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ടിന്റെ പ്രകാശനം ടൈ കോൺ സമ്മേളനത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ പ്രകാശനം ചെയ്‌തു. പ്രതീക്ഷ നൽകുന്ന ഒട്ടേറെ സ്‌റ്റാർട്ടപ്പ് സംരംഭങ്ങളും ആശയങ്ങളും കേരളത്തിൽ നിന്ന് ഉയർന്നുവരുന്നുണ്ടെന്ന് എസ്.ഡി. ഷിബുലാൽ പറഞ്ഞു.
1,402 സ്‌റ്റാർട്ട് സംരംഭങ്ങൾ കേരളത്തിലുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഇതിൽ 35 ശതമാനം ഐ.ടി അധിഷ്‌ഠിതമാണ്. 11 ശതമാനം ആരോഗ്യം, ഒമ്പത് ശതമാനം വിദ്യാഭ്യാസ മേഖലയിലുമാണ്. കേരളത്തിലെ 40 ശതമാനം സംരംഭങ്ങളും ഉത്‌പന്നാധിഷ്‌ഠിതവുമാണ്. നിലവിൽ നിക്ഷേപം ലഭിച്ച സംരംഭങ്ങൾ 59 എണ്ണമാണ്. 50 സംരംഭങ്ങളുമായി നിക്ഷേപക കരാറുമായിട്ടുണ്ട്. സംസ്ഥാനത്തെ സംരംഭങ്ങളിൽ 13 ശതമാനം മാത്രമാണ് സ്‌ത്രീകൾ സ്ഥാപകരോ സഹസ്ഥാപകരോ ആയിട്ടുള്ളത്. ആകെ സ്‌റ്റാർട്ടപ്പ് സംരംഭങ്ങളിൽ 60 ശതമാനമാണ് ഇൻകുബേറ്ര് ചെയ്യപ്പെട്ടവ. 2020ഓടെ സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പുകളിലെ നിക്ഷേപം 500 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ നിന്നും മികച്ച സംരംഭക ആശയങ്ങൾ ലഭിക്കുന്നുണ്ടെന്ന് കേരള സ്‌റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഐ.ബി.എം നടത്തിയ സ്‌റ്റാർട്ടപ്പ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് കാസർഗോഡ് നിന്നുള്ള സ്‌റ്റാർട്ടപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു.