ചെന്നൈ: ഇന്നലെ തമിഴ്നാട്ടിലെ നാഗപട്ടണം തീരംതൊട്ട ഗജ ചുഴലിക്കാറ്റിൽ മരണം 22 ആയി. ഇന്നലെ പുലർച്ചെ പന്ത്രണ്ട് മുപ്പതിനാണ് നാഗപട്ടണം വേദാരണ്യ മേഖലയിലൂടെ ഗജ തീരം തൊട്ടത്. തഞ്ചാവൂർ, പുതുക്കോട്ട, തിരുവാരൂർ, കാരക്കൽ തുടങ്ങിയ വടക്കൻ ജില്ലകളിൽ നാശം വിതച്ച കാറ്റ് കരയിലെത്തി ഒമ്പത് മണിക്കൂറിന് ശേഷമാണ് ശക്തി കുറഞ്ഞത്. ഡിണ്ടുഗൽ, മധുര, സേലം ജില്ലകളിലൂടെ കാറ്റ് കടന്ന് ആദിരാമപട്ടിണം, കൊടൈക്കനാൽ വഴി കേരളത്തിലേക്ക് കടന്ന് വേഗത കുറഞ്ഞ് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയോടെ അത് ഇന്ന് അറബികടലിലേക്ക് കടക്കും.
നാഗപട്ടണണത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 471 ദുരിതാശ്വാസ ക്യാമ്പുകളിലായി 81,948 പേരെ മാറ്റിപ്പാർപ്പിച്ചു. ജില്ലകളിൽനിന്നുള്ള വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും പളനിസ്വാമി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. സ്ഥിതിഗതികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. കേന്ദ്രത്തിൽ നിന്നുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റിൽ വീടുകൾ തകർന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാനായി പ്രത്യേക സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും 333 ഗ്രാമങ്ങളിൽ സംഘം പോകുമെന്നും തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ അറിയിച്ചു.