കൊച്ചി: സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഭക്തരെ കൂടി സമരത്തിന്റെ ഭാഗമാക്കി ശബരിമല സമരം ശക്തമാക്കാൻ ബി.ജെ.പി തീരുമാനം. ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് സമരം ശക്തമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കിയത്. സംസ്ഥാനത്ത് ബി.ജെ.പിയെ ശക്തമാക്കാനായി വിവിധ ജനസമ്പർക്ക പരിപാടികളും യോഗത്തിൽ തീരുമാനമായതായി ശ്രീധരൻ പിള്ള പറഞ്ഞു.
ശബരിമലയിൽ ആദ്യ ഘട്ട സമരം വൻ വിജയമായിരുന്നു. അടുത്ത ഘട്ടത്തിൽ വീടുകൾ സന്ദർശിച്ച് ഒപ്പ് ശേഖരണം നടത്തി ഗവർണർക്ക് നൽകും. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ശബരിമല സംരക്ഷണ സദസുകൾ നടത്തും. സത്യം ജയിക്കാൻ നിലകൊണ്ട ഒരേ ഒരു പാർട്ടി ബി.ജെ.പിയും എൻ.ഡി.എയുമാണെന്ന് ജനങ്ങളെ ബോധിപ്പിക്കും. ഇതു വഴി പുതിയ അംഗങ്ങളെ പാർട്ടിയിൽ ചേർക്കും. താഴെ തലം തൊട്ട് എൻ.ഡി.എ പ്രവർത്തനം ശക്തമാക്കുെമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ആരാധനാ സ്വാതന്ത്രം തടയുന്ന നിലപാടാണ് സർക്കാരിന്റേത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഈ നിലപാട് മാറ്റണമെന്ന് സർക്കാരിനോട് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലകാലം മുൻപിൽ കണ്ട് യാതൊരു വിധ മുന്നൊരുക്കങ്ങളും സർക്കാർ നടത്തിയിട്ടില്ല. ഭക്ഷണത്തിന് പോലും സന്നിധാനത്ത് വലയേണ്ട സാഹചര്യമാണുള്ളത്. പുനഃപരിശോധന ഹർജികൾ കോടതി പരിഗണിക്കുമ്പാോൾ അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. ഇപ്പോഴത്തെ സുപ്രീം കോടതി വിധി ബലപ്രയോഗത്തിലൂടെ നടപ്പാകുന്നത് ശരിയല്ലെന്നും ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.