thripthi

കൊച്ചി:എന്തുവന്നാലും ശബരിമലയിൽ ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ച് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉൾപ്പെടെ

യുള്ള ഏഴംഗ യുവതീ സംഘം നാമജപ പ്രതിഷേധക്കാരുടെ ശക്തമായ ഉപരോധത്തിൽ പതിനാറ് മണിക്കൂർ നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങുകയും മലചവിട്ടാതെ രാത്രി മടങ്ങിപ്പോവുകയും ചെയ്‌തു. ഈ മണ്ഡലകാലത്തു തന്നെ വീണ്ടും വരുമെന്ന് പ്രഖ്യാപിച്ചാണ് അവർ പോയത്.

വ‌ൃശ്ചികം പിറക്കുന്ന ഇന്ന് ആരംഭിക്കുന്ന മണ്ഡല കാലത്ത് യുവതികൾ എത്തിയാൽ സംഭവിക്കാവുന്ന പ്രതിഷേധത്തിന്റെ സാമ്പിളാണ് തൃപ്‌തി ദേശായിക്കെതിരെ അരങ്ങേറിയതെന്ന് കരുതണം. മണ്ഡലകാലത്ത് യുവതീ പ്രതിരോധത്തിന് കാനനപ്പാതകളിലൂടെ പ്രക്ഷോഭകർ പൂങ്കാവനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം,​ആചാരസംരക്ഷണ സമിതിയുടെ രണ്ട് പ്രവർത്തകരെ പമ്പയിൽ കസ്റ്റഡിയിൽ എടുത്തുകൊണ്ട് പൊലീസും നടപടികൾ കർശനമായിരിക്കുമെന്ന സൂചന നൽകി. ഹിന്ദുഐക്യവേദി നേതാവ് ഭാർഗവറാമും സമിതി കൺവീനർ പൃഥ്വിപാലുമാണ് കസ്റ്റഡിയിലായത്. ഹിന്ദു ഐക്യവേദി നേതാവ് കെ. പി ശശികലയെ മരക്കൂട്ടത്ത് തടഞ്ഞു.

തൃപ്തിയും സംഘവും കൊച്ചിയിലാണ് വിമാനമിറങ്ങുന്നതെന്ന വിവരം വ്യാഴാഴ്ച രാത്രി തന്നെ പുറത്തുവന്നിരുന്നു. പൂനെയിൽ നിന്ന് ഇന്നലെ പുലർച്ചെ 4.35 ന് ഇൻഡിഗോ വിമാനത്തിലാണ് ഇവർ നെടുമ്പാശേരിയിൽ ഇറങ്ങിയത്. മൂന്നരയോടെ തന്നെ നൂറോളം പ്രതിഷേധക്കാർ ആഭ്യന്തര ടെർമിനലിന് മുന്നിൽ എത്തിയിരുന്നു.പിന്നീട് പ്രതിഷേധക്കാരുടെ എണ്ണം കൂടുകയായിരുന്നു. തൃപ്‌തിയെ കൊണ്ടു പോകാൻ ടാക്‌സിക്കാരും വിസമ്മതിച്ചു. പുറത്തിറങ്ങാൻ പോലും കഴിയില്ലെന്ന് ഉറപ്പായതോടെ തൃപ്തിയും സംഘവും മടങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. പൊലീസ് വലയത്തിലായിരുന്ന തൃപ്തിയും സംഘവും രാത്രി 9.10 ന് എയർ ഇന്ത്യയുടെ മുംബയ് ഫ്ളൈറ്റിലാണ് മടങ്ങിയത്. അതോടെ പ്രതിഷേധക്കാർ വിജയാഘോഷത്തിലായി.

തൃപ്തിക്കൊപ്പം മനീഷ രാഹുൽ തിലേക്കർ, മീനാക്ഷി രാമചന്ദ്ര ഷിൻഡേ, സ്വാതി കൃഷ്‌ണറാവു, സവിത ജഗന്നാഥ് റാവത്ത്, സംഗീത ധൊനാപേ, ലക്‌ഷ്മി ഭാനുദാസ് മൊഹിതേ എന്നിവരാണ് എത്തിയത്. ഇവർ ടെർമിനലിലേക്ക് എത്തുമ്പോഴക്കും പ്രതിഷേധക്കാർ ഒത്തുകൂടി. പൊലീസും വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗവും രംഗത്തെത്തി. തൃപ്തി വന്നതറിഞ്ഞ് പ്രതിഷേധക്കാരുടെ ഒഴുക്കായിരുന്നു. നേരം പുലർന്നതോടെ സ്ത്രീകളുൾപ്പെടെ ആയിരത്തോളം പേർ തടിച്ചുകൂടി.

സംഭവമറിഞ്ഞ് രണ്ട് ബസുകളിൽ പൊലീസെത്തി. ആലുവ ഡിവൈ.എസ്.പി എം.ജെ. സോജൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തൃപ്തിയുമായി ചർച്ച നടത്തിയെങ്കിലും ദർശനം നടത്താതെ മടങ്ങില്ലെന്ന് അവർ ഉറച്ചു നിന്നു. ഇവർ ബുക്ക് ചെയ്‌ത രണ്ട് ഓൺലൈൻ ടാക്സികൾ സമരക്കാർ തടഞ്ഞു. അതോടെ മറ്റ് ടാക്സി ഡ്രൈവർമാരും പിന്മാറി. ഇതിനിടെ അധികൃതർ തൃപ്തിയെയും കൂട്ടരെയും കാർഗോഗേറ്റ് വഴി പുറത്തേക്ക് കടത്താൻ ശ്രമിച്ചെങ്കിലും അവിടെയും പ്രതിഷേധക്കാർ ഉപരോധിച്ചു. ചാറ്റൽ മഴയെ അവഗണിച്ചും സമരസംഘം ടെർമിനലിന് മുന്നിലിരുന്ന് ശരണംവിളി തുടങ്ങി. ഭക്തസംഘടനകളും സംഘപരിവാർ വിഭാഗങ്ങളും നേതൃത്വം നൽകി.

ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്‌ണൻ, പി.കെ. കൃഷ്‌ണദാസ്, പി.എം. വേലായുധൻ, ശോഭാ സുരേന്ദ്രൻ, ബി. ഗോപാലകൃഷ്ണൻ, ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, രാഹുൽ ഇൗശ്വർ തുടങ്ങിയവർ സംസാരിച്ചു.