മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ ഒന്നിന് തുടങ്ങും. മോഹൻലാൽ ഡിസംബർ 10ന് ജോയിൻ ചെയ്യും. ഹൈദരാബാദാണ് പ്രധാന ലൊക്കേഷൻ.ഡിസംബർ 7ന് അമ്മ അബുദാബിയിൽ സംഘടിപ്പിക്കുന്ന 'ഒന്നാണ് നമ്മൾ' എന്ന സ്‌റ്റേജ് ഷോയിൽ പങ്കെടുക്കേണ്ടതു കൊണ്ടാണ് മോഹൻലാൽ സെറ്റിലെത്താൻ വൈകുന്നത്.
100 കോടി മുതൽമുടക്കിൽ ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മരയ്ക്കാറിന്റെ സഹനിർമ്മാതാക്കൾ സന്തോഷ്. ടി. കുരുവിളയും ഡോ. സി.ജെ. റോയിയുമാണ്. കുഞ്ഞാലിമരക്കാർ നാലാമനാകുന്ന മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവാണ് . കല്യാണി പ്രിയദർശനാണ് പ്രണവിന്റെ നായിക. കീർത്തി സുരേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. നെടുമുടി വേണു, മുകേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരുവാണ് ഛായാഗ്രാഹകൻ.
കലാസംവിധാനം ഗിരീഷ് മേനോനും പ്രൊഡക്ഷൻ ഡിസൈനിംഗ് സാബു സിറിലും നിർവഹിക്കുന്നു. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥിനാണ് വി. എഫ്. എക്സിന്റെ ചുമതല.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗിനായി മുംബയിലാണ് മോഹൻലാൽ. ഇതുപൂർത്തിയാക്കിയ ശേഷം 20ന് കൊച്ചിയിൽ തിരിച്ചെത്തും.
28 മുതൽ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്സലിലും ഒടിയന്റെ പ്രേമോഷൻ പരിപാടികളിലും പങ്കെടുക്കും.