ഡിസംബർ 21-ന് ലോക വ്യാപകമായി റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ റിലീസ് മാറ്റിവച്ചു.
തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ തെലുങ്ക് പതിപ്പും റിലീസ് ചെയ്യുമെന്നാണ് സൂചന.
തെലുങ്ക് പതിപ്പിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ മമ്മൂട്ടി തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് എന്ന് പൂർത്തിയാക്കുമെന്നറിവായിട്ടില്ല. 70 എം.എം. എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മഹി. വി. രാഘവ് സംവിധാനം ചെയ്യുന്ന യാത്ര അന്തരിച്ച ആന്ധ്രാ മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥയാണ് പറയുന്നത്.
ഇപ്പോൾ കാസർകോട് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയിലഭിനയിച്ച് വരികയാണ് മമ്മൂട്ടി. 'അമ്മ"യുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സലും മറ്റുമായി ബന്ധപ്പെട്ട് ഒരാഴ്ച ഉണ്ടയുടെ ചിത്രീകരണം നിറുത്തിവയ്ക്കും. ഉണ്ട പൂർത്തിയാക്കിയശേഷം മമ്മൂട്ടി വീണ്ടും വൈശാഖ് - ഉദയകൃഷ്ണ ടീമൊരുക്കുന്ന മധുരരാജയിൽ അഭിനയിച്ച് തുടങ്ങും.
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ, സാറ ജോസഫിന്റെ ആളോഹരി ആനന്ദമെന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രം, ഹനീഫ് അദേനിയുടെ രചനയിൽ വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന അമീർ, പി.വി. ഷാജി കുമാറിന്റെ രചനയിൽ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രം, ഡീൻ ഡെന്നീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, മിഥുൻ മാനുവൽ തോമസിന്റെ കോട്ടയം കുഞ്ഞച്ചൻ 2, അമൽ നീരദിന്റെ ബിലാൽ, ജോഷി ചിത്രം, റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന വമ്പൻ, ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാംപടി തുടങ്ങിയ ഒരു ഡസനിലേറെ ചിത്രങ്ങൾ മമ്മൂട്ടിയുടെ ഡേറ്റും കാത്തിരിക്കുകയാണ്. മെഗാ പ്രോജക്ടായ മാമാങ്കത്തിന്റെ ചിത്രീകരണം തൊണ്ണൂറു ശതമാനത്തോളം അവശേഷിക്കുന്നുണ്ട്.