രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0, ടോമിച്ചൻ മുളകുപാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യും. 600 കോടിയോളം മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം 15 കോടി നൽകിയാണ് മുളകുപാടം ഫിലിംസ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ആദ്യ ദിവസം 450 തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് കേരളത്തിലെ റിലീസ് ആഘോഷമാക്കാനാണ് ആലോചന. 3 ഡിയിലും 2ഡിയിലും പ്രദർശനമുണ്ടാകും. ലോകമെമ്പാടും 10000 തിയേറ്ററുകളിലാണ് 2.0 റിലീസ് ചെയ്യുന്നത്. 13 ഭാഷകളിൽ ചിത്രം മൊഴിമാറ്റിയെത്തുന്നുണ്ട്. നവംബർ 29നാണ് 2.0 പ്രദർശനത്തിനെത്തുക. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ വില്ലൻ വേഷം അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എമി ജാക്സണാണ് നായിക. മലയാളത്തിൽ നിന്ന് കലാഭവൻ ഷാജോണും റിയാസ് ഖാനും അഭിനയിക്കുന്നുണ്ട്. എ.ആർ. റഹ് മാനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ലൈക പ്രൊഡക്ഷൻസാണ് നിർമ്മാണം.