തിരുവനന്തപുരം: ജൈവ കാർഷിക സംസ്കൃതിയുടെ പെരുമ വിളിച്ചോതി ഭരണകേന്ദ്രത്തിന്റെ മട്ടുപ്പാവിൽ വീണ്ടും പച്ചക്കറിവിളകൾ നാമ്പിടുന്നു. സെക്രട്ടേറിയറ്റിലെ കൃഷി തത്പരരായ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ 'ഗ്രീൻലീഫിന്റെ' ആഭിമുഖ്യത്തിലാണ് സെക്രട്ടേറിയറ്റ് അനക്സിന്റെ ടെറസിൽ വിവിധ ഇനം പച്ചക്കറി ഇനങ്ങൾ കൃഷിയിറക്കിയിരിക്കുന്നത്. ഓണത്തിന് നടപ്പാക്കിയ 'ഒരുമുറം പച്ചക്കറി' പദ്ധതിയുടെ തുടർച്ചയാണിത്.
ശീതകാല പച്ചക്കറി വിളകളാണ് ഇവിടെ നട്ടുവളർത്തുന്നത്. അറുനൂറോളം ഗ്രോ ബാഗുകളിലായി കാബേജ്, കോളിഫ്ളവർ എന്നിവയ്ക്കൊപ്പം ബീൻസ്, കത്തിരി തുടങ്ങിയവ നട്ടിട്ടുണ്ട്. പ്രത്യേകം തയ്യാറാക്കിയ വാട്ടർ ടാങ്കുകളിൽ നിന്നു ദിവസം രണ്ടുനേരം വെള്ളം നനയ്ക്കാറുണ്ട്. ഇതിനായി രണ്ടു ജീവനക്കാർ തയ്യാർ. വിളവെടുക്കുമ്പോൾ സെക്രട്ടേറിയറ്റ് ജീവനക്കാർ തന്നെ മുഴുവൻ പച്ചക്കറിയും വാങ്ങും. ജൈവമായതിനാൽ വലിയ ഡിമാൻഡാണെന്ന് ഗ്രീൻലീഫ് സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ ഗാർഡൻ സൂപ്പർവൈസറുമായ സുരേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം പച്ചക്കറി വിറ്റതിന്റെ ലാഭം സർക്കാരിലേക്ക് അടച്ചിരുന്നു. ഇക്കുറി കിട്ടിയ ലാഭമായ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എസ്.സി - എസ്.ടി വകുപ്പിലെ ജീവനക്കാരൻ ബൈജു പ്രസിഡന്റും ഫിനാൻസ് വകുപ്പ് ജീവനക്കാരൻ ബിൻരാജ് ട്രഷററുമാണ്.
മട്ടുപ്പാവിലെ അക്വാപോണിക്സ് മത്സ്യക്കൃഷി
മട്ടുപ്പാവ് കൃഷിയോടൊപ്പം ഫിഷറീസ് വകുപ്പുമായി ചേർന്ന് അക്വാപോണിക്സ് മത്സ്യക്കൃഷിയും ഇവിടെ ഉഷാറാണ്. മത്സ്യവും പച്ചക്കറിയും ഒരുമിച്ച് കൃഷി ചെയ്യുന്ന നൂതന രീതിയാണിത്. മത്സ്യക്കൃഷി ചെയ്യുന്ന ടാങ്കിൽ നിന്നുള്ള വെള്ളം സമീപത്തായി സ്ഥാപിച്ചിട്ടുള്ള ചല്ലി നിരത്തിയിട്ടുള്ള മറ്റു ടാങ്കുകളിലേക്ക് ചെറിയ സബ്മേഴ്സബിൾ മോട്ടോർ ഉപയോഗിച്ച് മാറ്റും. ഇവിടെ ഏറെ നേരം സംഭരിക്കുമ്പോൾ വെള്ളത്തിലെ മീൻ വിസർജ്ജ്യങ്ങൾ ടാങ്കിലെ ചല്ലിയിൽ ശേഖരിക്കപ്പെടും. അതിന് ശേഷം ഈ വെള്ളം തിരികെ മത്സ്യം വളർത്തുന്ന ടാങ്കിലേക്ക് എത്തിക്കും. ഇങ്ങനെ മത്സ്യടാങ്കിലെ വെള്ളം ശുദ്ധീകരിക്കപ്പെടുകയും മാലിന്യങ്ങൾ വേർതിരിക്കപ്പെടുകയും ചെയ്യും. ചല്ലി നിരത്തിയിട്ടുള്ള ടാങ്കിൽ ഈ രീതിയിൽ ധാരാളം വളക്കൂറുണ്ടാകുന്നതിനാൽ ഇതിൽ പച്ചക്കറി വിളകൾ കൃഷി ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. മണ്ണില്ലാത്ത കൃഷി എന്നപേരിലും ഇത് അറിയപ്പെടുന്നു. ഇവിടെ ഈ രീതിയിൽ മത്സ്യത്തോടൊപ്പം ചീരക്കൃഷിയും ചെയ്തിരുന്നു. അസാം വാള ഇനത്തിലുള്ള മത്സ്യങ്ങളാണ് വളർത്തുന്നത്.
വിത്തുപെട്ടി
സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് പച്ചക്കറിവിത്തുകൾ ലഭ്യമാക്കുന്നതിനായി പൊതുഭരണ ഹൗസ് കീപ്പിംഗ് വകുപ്പും ഗാർഡൻ വിഭാഗവും ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് വിത്തുപെട്ടി. ചീര, വെണ്ട, വഴുതന, പയർ, മുളക് തുടങ്ങിയവയുടെ വിത്തുകൾ ഈ പെട്ടിയിലൂടെ നിത്യേന ലഭിക്കും. രണ്ടു ഭാഗങ്ങളാണ് പെട്ടിയിൽ ഉള്ളത്. വിത്തുകൾ നിക്ഷേപിക്കാൻ ഒരുഭാഗം, ആവശ്യക്കാർക്ക് എടുക്കാനുള്ള മറ്റൊരു ഭാഗം.
വീട്ടിൽ കൃഷി നടത്തുന്നവർക്ക് അവരുടെ കൈവശമുള്ള വിത്തുകൾ പെട്ടിയിൽ നിക്ഷേപിക്കാം. ഈ വിത്തുകൾ പിന്നീട് ചെറിയ പാക്കറ്റുകളാക്കി വിതരണത്തിനുള്ള അറയിൽ നിക്ഷേപിക്കും. കൃഷി വകുപ്പ്, മറ്റു ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നുള്ള വിത്തുകളും വിതരണം ചെയ്യും. സൗജന്യമാണിത്. ഗ്രീൻലീഫിന് രണ്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ഇതിലൂടെ വിത്തുവിതരണവും കാർഷിക സംബന്ധമായ അറിയിപ്പുകളും സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ലഭിക്കും.