തിരുവനന്തപുരം : വിഴിഞ്ഞം തീരത്ത് സ്പോഞ്ചിനുള്ളിൽ തപസിരിക്കുന്ന ഒരു കക്ഷിയുണ്ട്. മനുഷ്യനല്ല. ഞണ്ടാണ് താരം. ഇന്ത്യയിൽ ആദ്യമായി ഗവേഷകർ വിഴിഞ്ഞം തീരത്ത് നിന്നും ശംഖുകളുമായി സ്പോഞ്ചിനുള്ളിൽ ജീവിക്കുന്ന അപൂർവയിനം സന്യാസി ഞണ്ടിനെ കണ്ടെത്തി. 'ഡയോജെനസ് സ്പോഞ്ചിക്കോള' എന്നതാണ് ശാസ്ത്രനാമം. കാലിസ്പോഞ്ചിയ എന്ന തരം സ്പോഞ്ചിനകത്താണ് ഇവയെ കണ്ടെത്തിയത്. പൂർണവളർച്ചയെത്തിയ ഞണ്ടിന് 5 മില്ലിമീറ്ററാണ് പരമാവധി നീളം. മഞ്ഞ കലർന്ന വെള്ള നിറമുള്ള ശരീരവും കാലിൽ കുറുകെ കറുത്ത പൊട്ടുകളുമുണ്ട്.
സാധാരണ ഞണ്ടുകൾക്കുള്ളതുപോലെ കട്ടിയുള്ള പുറംതോട് ഇല്ലാത്ത, മൃദുലമായ ശരീരമാണ് സന്യാസി ഞണ്ടിന്റേത്. അതിനാൽ ഇവ ശത്രുക്കളിൽ നിന്നും രക്ഷ നേടാനായി ശംഖിനുള്ളിൽ കഴിയും. ശരീരത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് ഇവ പുതിയ ശംഖുകൾ തേടും. പ്രജനനത്തിനായും ഇവ പുറത്തിറങ്ങാറുണ്ട്. വിഴിഞ്ഞത്ത് കണ്ടെത്തിയ ഞണ്ടുകൾ ശംഖുമായാണ് സ്പോഞ്ചിനകത്ത് താമസമാക്കുന്നത്. അതായത് ഇവയ്ക്ക് 'ഇരട്ടസംരക്ഷണം' ലഭിക്കുന്നുവെന്ന് സാരം. അത് കൊണ്ട് തന്നെയാണ് ഇത് ലോകത്തിൽതന്നെ അപൂർവം എന്ന് വിശേഷിക്കപ്പെടുന്നത്.
കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് പ്രൊഫസർ ഡോ.എ. ബിജുകുമാർ, ഡോ. രവിനേഷ്, ജപ്പാനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ക്യൂറേറ്റർ കൊമായി എന്നിവർ ചേർന്ന് നടത്തിയ കണ്ടെത്തൽ സൂടാക്സ എന്ന അന്താരാഷ്ട്ര ഗവേഷണ ജേണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.