കോവളം: വാഹനങ്ങളുടെ ബാഹുല്യം കാൽനട യാത്രക്കാരെ വല്ലാതെ വലയ്ക്കുന്ന കോവളം - കഴക്കൂട്ടം ബൈപാസിൽ 9 നടപ്പാത മേല്പാലങ്ങൾ ഒരുങ്ങുന്നു. കോവളം ജംഗ്ഷൻ, വാഴമുട്ടം, തിരുവല്ലം, കുമരിച്ചന്ത, ഇൻഫോസിസ്, എം.ജി.എം സ്കൂളിന് മുൻവശം എന്നിവിടങ്ങളിൽ തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ പൊതുജനവും വിദ്യാർത്ഥികളും ബുദ്ധിമുട്ടുകൾ നേരിടുന്ന പശ്ചാത്തലത്തിലാണ് നാഷണൽ ഹൈവേ അതോറിട്ടി മേല്പാലം നിർമ്മിക്കുന്നത്. ബൈപാസിൽ സുരക്ഷയൊരുക്കാൻ യൂറോപ്യൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും മാത്രമല്ല, ഇന്ത്യൻ മെട്രോ സിറ്റികളിലും ഇന്ന് വ്യാപകമാകുകയാണ് നടപ്പാത മേല്പാലങ്ങൾ. വാഹനങ്ങൾ ഇടിക്കുമെന്ന ഭയം കൂടാതെ തിരക്കേറിയ റോഡ് മുറിച്ചു കടക്കാനും അതുവഴി അപകടങ്ങൾ വലിയൊരു പരിധി വരെ ഒഴിവാക്കുകയും ചെയ്യാം എന്നതാണ് ഇത്തരം മേല്പാലങ്ങൾ കൊണ്ടുള്ള ഗുണം.
20 അടി ഉയരത്തിൽ 5 അടി വീതിയിൽ 45 പടികളുള്ള മേല്പാലങ്ങളാണ് നിർമ്മിക്കുന്നത്. വിഴിഞ്ഞം എസ്.എഫ്.എസ് സ്കൂൾ, അഴാകുളം - ചിറയിൽ, കോവളം ജംഗ്ഷൻ, വാഴമുട്ടം, തിരുവല്ലം, അമ്പലത്തറ കൊർദോവ സ്കൂൾ, ലുലു മാൾ, ആക്കുളം എം.ജി.എം സ്കൂൾ എന്നിവിടങ്ങളിലാണ് മേല്പാലങ്ങൾ ഉയരുന്നത്.
പാലത്തിൽ കാമറകളും, ഫയർ അലാം ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ആവിഷ്കരിക്കാൻ പദ്ധതി.