തിരുവനന്തപുരം: മരുന്ന് വാങ്ങാനും സ്കാൻ ചെയ്യാനുമൊക്കെ ചീട്ടെഴുതി നൽകുമ്പോൾ പണമില്ലാത്തതിനാൽ നിസഹായതയോടെ നിറകണ്ണുകളുമായി നിൽക്കുന്നവർ ഏറെയാണ്. ഈ കാഴ്ച പതിവായതോടെ മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രി അധികൃതർ ഒരു തീരുമാനമെടുത്തു. ആവശ്യക്കാർക്ക് സഹായം എത്തിക്കാൻ സ്നേഹപ്പെട്ടികൾ സ്ഥാപിക്കുക. നിർദ്ധനരായ രോഗികളെ സഹായിക്കാൻ "ഭക്തിയാദരവ് വേണ്ടത് ആരാധനാലയങ്ങളോട് മാത്രമല്ല ആതുരാലയങ്ങളോടുകൂടിയാവണം ' എന്നെഴുതിയ 'സ്നേഹസ്പർശപ്പെട്ടികൾ' ആശുപത്രി കോമ്പൗണ്ടിൽ സ്ഥാപിച്ച് പുതിയൊരു മാതൃകയൊരുക്കുകയാണ് ആശുപത്രി അധികൃതർ.
ആശുപത്രിയിൽ ചികിത്സിച്ച് രോഗം ഭേദമായ ശേഷം പൂർണ സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങുന്നവരോട് തങ്ങളാൽ കഴിയുന്ന ചെറിയൊരു തുക പെട്ടിയിൽ നിക്ഷേപിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. സംഗതി ഏറ്റു. പെട്ടികളിലേക്ക് സഹായതുകകൾ പ്രവഹിച്ചു. രണ്ട് ദിവസം മുമ്പ് പത്ത് പെട്ടികളാണ് ആശുപത്രി കോമ്പൗണ്ടിൽ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ വിവിധയിടങ്ങളിൽ സ്ഥാപിച്ചത്.
എസ്.എ.ടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയും ഡ്രഗ് ബാങ്കും സംയുക്തമായി നടപ്പാക്കിയ പദ്ധതി വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്തു. ഇതിൽ രണ്ട് പെട്ടികൾ കഴിഞ്ഞ ദിവസം തുറന്നപ്പോൾ 59,000 രൂപ ലഭിച്ചു. സാധാരണക്കാരെ സഹായിക്കാനുള്ള തങ്ങളുടെ ശ്രമം ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ തെളിവാണിതെന്ന് അധികൃതർ പറയുന്നു. സ്നേഹസ്പർശ പെട്ടികളെക്കുറിച്ച് അറിഞ്ഞ് കഴിഞ്ഞ ദിവസം ചികിത്സ കഴിഞ്ഞുപോയ ഒരു രോഗി 20,000 രൂപ സഹായം നൽകിയതായി എസ്.എ.ടി സൂപ്രണ്ട് ഡോ. സന്തോഷ് പറഞ്ഞു.
സഹായം സാധാരണക്കാരിൽ എത്തുന്നത് ഇങ്ങനെ
ചികിത്സതേടി എസ്.എ.ടി ആശുപത്രിയിൽ എത്തുന്ന രോഗിക്ക് സാമ്പത്തികസഹായം ആവശ്യമുണ്ടെങ്കിൽ വിവരം ഡോക്ടറെ അറിയിക്കാം. അന്വേഷണത്തിൽ അർഹതയുണ്ടെന്ന് തെളിഞ്ഞാൽ ഡോക്ടർ വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിക്കും. 'സ്നേഹസ്പർശ' പെട്ടികളിൽ നിന്ന് കിട്ടുന്ന തുക ഇതിനായി ആശുപത്രി അധികൃതർ നേരിട്ട് വിനിയോഗിക്കും.