തിരുവനന്തപുരം: വികസന പദ്ധതികളുടെ ഭാഗമായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് ഏപ്രണുകളുടെ നിർമ്മാണത്തിന് കരാർ നൽകി. 25.83കോടി ചെലവിലാണ് നിർമ്മാണം. റീജിയണൽ ഡയറക്ടർ എസ്. ശ്രീകുമാർ ഭൂമിപൂജ നിർവഹിച്ചു. പുതിയ ബേകളിൽ ആറ് വിമാനങ്ങൾ പാർക്ക് ചെയ്യാനാവും. 14 കോടിക്ക് പുതിയ ഫയർ സ്റ്റേഷനും, 115 കോടിക്ക് ചാക്ക ഭാഗത്ത് 49 മീറ്റർ ഉയരത്തിലുള്ള എയർ ട്രാഫിക് കൺട്രോൾ ടവറും നിർമ്മിക്കും. പുതിയ ഏരിയാ കൺട്രോൾ സെന്റർ, എയ്റോഡ്രാം കൺട്രോൾ സെന്റർ എന്നിവയും ഇതിലുണ്ടാവും.
പ്രതിദിനം 500കിലോ ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാവുന്ന ബയോ മീഥേൻ പ്ലാന്റും സ്ഥാപിക്കും. ഖരമാലിന്യങ്ങൾ കത്തിക്കാൻ 225കിലോ ശേഷിയുള്ള രണ്ട് ഇൻസിനിറേറ്ററുമുണ്ട്. വിമാനത്താവളത്തിലെ റൂഫ് ടോപ്പ് സോളാർ പവർ പ്ലാന്റിൽ ദിവസേന 2000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും.
വിമാനത്താവളത്തിന് ചുറ്റിമുള്ള റോഡ് വീതികൂട്ടാൻ 9.19 കോടി ചെലവിൽ പദ്ധതി ഉടൻ നടപ്പാക്കും. രാജ്യാന്തര ടെർമിനലിൽ നിന്ന് ആഭ്യന്തര ടെർമിനലിലേക്കുള്ള കാർഗോ നീക്കം സുഗമമാക്കാനാണിത്. യാത്രക്കാരുടെ സൗകര്യത്തിനായി രണ്ട് അധിക ബോർഡിംഗ് ഗേറ്റുകളും കമ്മിഷനിംഗിന് സജ്ജമായി.