തിരുവനന്തപുരം : ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ അഭിമാനത്തോടെ മേയർ വി.കെ. പ്രശാന്ത് നയിക്കുന്ന നഗരസഭാ കൗൺസിൽ നാളെ നാലാം വർഷത്തിലേക്ക് കടക്കുന്നു. വെല്ലുവിളികൾ നിറഞ്ഞ തലസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങളിൽ പലതും കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോൾ കേന്ദ്രപദ്ധതികളുടെ ഉൾപ്പെടെ തണലിൽ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്ന ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ വർഷം രണ്ടാം വാർഷികം ആഘോഷിക്കാൻ ചേർന്ന പ്രത്യേക കൗൺസിൽ യേഗം തല്ലിപ്പിരിഞ്ഞതിന്റെ പാഠം ഉൾക്കൊണ്ട് ഇക്കുറി കൗൺസിൽ യോഗം ചേരുന്നില്ല. പകരം വാർഷികദിനമായ ഞായറാഴ്ച പട്ടം സെന്റ് മേരീസിൽ വികസന സെമിനാർ നടക്കും. സെമിനാറിനൊപ്പം ലളിതമായ വാർഷിക ആഘോഷവും നടക്കും. 100 വാർഡിൽ നിന്നു തിരഞ്ഞെടുക്കുന്ന പ്രതിനിധികളും മുഴുവൻ കൗൺസിലർമാരും ഒത്തുകൂടുന്ന സെമിനാറിൽ നിന്നാണ് അടുത്തവർഷത്തേക്കുള്ള പദ്ധതി രൂപരേഖ തയ്യാറാക്കുക. സെമിനാറിന് മുന്നോടിയായി ഇന്നലെ സ്റ്റിയറിംഗ് കമ്മിറ്റിയോഗം ചേർന്നു.
പ്ലാസ്റ്റിക്മുക്ത നഗരം, ഉറവിട മാലിന്യ സംസ്കരണം, ഓഫീസുകളുടെ ആധുനികവത്കരണം, ഭവന പദ്ധതികളുടെ പൂർത്തീകരണം തുടങ്ങിയ പദ്ധതികളുമായി മുന്നേറുന്ന ഭരണസമിതി പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി നടത്തുന്ന നിർണായക ചുവടുവയ്പുകളാണ് മൂന്നാം വർഷത്തിൽ എടുത്തു പറയുന്ന നേട്ടം. സ്മാർട്ട് സിറ്റി പട്ടികയിലെ ഒന്നാം സ്ഥാനത്ത് എത്തിയ തിളക്കത്തിലായിരുന്നു. ആധുനികകാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി സേവനങ്ങളെല്ലാം ഓൺലൈനാക്കുന്ന തിരക്കിലാണ് നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും നഗരസഭാ നേതൃത്വം. ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓൺലൈനാക്കിയതിന് പിന്നാലെ നികുതി അടയ്ക്കുന്നതിനും ഡി ആൻഡ് ഒ ലൈസൻസ് പുതുക്കുന്നതിനും ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഭവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി
ചേരിമുക്തനഗരമെന്ന ലക്ഷ്യത്തോടെയായിരുന്നു നഗരസഭ മൂന്നാം വർഷത്തിലേക്ക് കടന്നത്. കല്ലടിമുഖത്ത് ബി.എസ്.യു.പി പദ്ധതി പ്രകാരം 318 വീടുകളും കരിമഠത്ത് എൻ.യു.എൽ.എം പദ്ധതിയിലൂടെ 80 വീടുകളും കരിമഠം കോളനിയിൽ 200 ഫ്ളാറ്റുകളുടെയും വിഴിഞ്ഞം മതിപ്പുറത്ത് 150 ഫ്ളാറ്റുകളുടെയും താക്കോൽദാനവും പൂർത്തിയാക്കി. കരിമഠത്ത് 72 ഫ്ളാറ്റുകൾ നേരത്തേ കൈമാറിയിരുന്നു. കല്ലടിമുഖത്ത് 318 പേർക്കും ആദ്യഘട്ടത്തിൽ ഫ്ളാറ്റ് നൽകി. ലൈഫിന്റെ ഭാഗമായി വസ്തുവുള്ള 7775 പേരെ കണ്ടെത്തി വീടുവയ്ക്കുന്നതിനുള്ള ധനസഹായം ലഭ്യമാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. 155.5 കോടിയാണ് ഇതിനായി നഗരസഭ നൽകുന്നത്. പി.എം.എ.വൈ പദ്ധതിയുമായി ചേർന്നാണ് നഗരസഭ ബൃഹത് പദ്ധതി നടപ്പാക്കുന്നത്. വീടും സ്ഥലവുമില്ലാത്ത 18000 പേരുടെ ലിസ്റ്റും നഗരസഭ തയ്യാറാക്കി കഴിഞ്ഞു. നാലാം വർഷത്തിൽ ഇവർക്ക് ഉൾപ്പെടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഉറവിട മാലിന്യ സംസ്കരണ മാതൃക
കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത നഗരത്തിൽ ഉറവിട മാലിന്യസംസ്കരണമെന്ന ആശയം നടപ്പാക്കി ജനങ്ങളെ പുതിയ സംസ്കാരം പഠിപ്പിച്ചെടുക്കാൻ നഗരസഭയ്ക്ക് മൂന്നുവർഷം കൊണ്ട് കഴിഞ്ഞുവെന്നത് വിമർശകർ പോലും സമ്മതിക്കുന്നു. പദ്ധതി നിർവഹണത്തിലെ പോരായ്മകൾ ഒഴിച്ചാൽ ഇപ്പോഴും നഗരത്തിന്റെ വിവിധയിടങ്ങളിൽ ഉറവിടമാലിന്യ സംസ്കരണം വിജയകരമായി മുന്നേറുകയാണ്. നഗരത്തിൽ 40 ഓളം എയ്റോബിക് ബിന്നുകളാണ് ഇതിനോടകം സ്ഥാപിച്ചത്. കൂടാതെ അജൈവമാലിന്യ ശേഖരണത്തിനായി പ്രത്യേക കലണ്ടർ തയ്യാറാക്കി റിക്കവറി സെന്ററുകൾ ആരംഭിച്ചതും ഭരണപക്ഷം നേട്ടമായി കരുതുന്നു. ഓടകൾ ഉൾപ്പെടെ സമയബന്ധിതമായി ശുചിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധകാട്ടിയതിനാൽ തമ്പാനൂരിലും കിഴക്കേകോട്ടയിലും വെള്ളക്കെട്ടിനും പരിഹാരമായി. ഉറവിടമാലിന്യ സംസ്കരണം വിജയകരമായി നടപ്പാക്കിയതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പുരസ്കാരങ്ങളും നഗരസഭ നേടിക്കഴിഞ്ഞു. ഹരിതനഗരം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച യുവാക്കളുടെ കൂട്ടായ്മയായ ഗ്രീൻ ആർമിയും ഭരണസമിതിയുടെ മറ്റൊരു നേട്ടമാണ്.
ആദ്യ തൊഴിൽമേള
നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് തൊഴിൽ രഹിതർക്കായി തൊഴിൽമേള സംഘടിപ്പിക്കുന്നത്. ഡിസംബർ ഒന്നിനാണ് മേള. ഇതിനോടകം 5000ത്തോളം പേർ തൊഴിൽ തേടി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 3000ത്തോളം കമ്പനികൾ തൊഴിൽനൽകാൻ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. നാലാം വാർഷികത്തിൽ നഗരസഭയുടെ നേട്ടങ്ങളിലൊന്നാക്കി മേളയെ മാറ്റുകയാണ് ലക്ഷ്യം.
അവകാശവാദങ്ങളുടെ മുനയൊടിച്ച് വിമർശനങ്ങൾ
ക്ഷേമപെൻഷൻ പോലും കൃത്യമായി നൽകാൻ കഴിയാത്ത നേതൃത്വമാണ് നിലവിലുള്ളതെന്നാണ് പ്രധാന ആക്ഷേപം. ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരായി കണ്ട് പദ്ധതി അട്ടിമറിച്ചു. സ്മാർട്ട് സിറ്റി നേടിയെടുത്തെങ്കിലും ഒരടിപോലും മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ല. കൺസൾട്ടൻസിയുടെ മെല്ലപ്പോക്കാണ് ഇതിന് പ്രധാനകാരണം. സമയബന്ധിതമായി പദ്ധതിപൂർത്തിയാക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് ഇതോടെ പ്രതിപക്ഷ കക്ഷികൾ. കെട്ടിടനിർമ്മാണ പെർമിറ്റ് നൽകുന്നതിനായി നടപ്പാക്കിയ പുതിയ സോഫ്ട്വെയറിനെ ചൊല്ലിയുള്ള തർക്കങ്ങളും നാലം വർഷത്തിൽ ഭരണസമിതി നേരിടുന്ന വെല്ലുവിളികളാണ്.
"യോജിച്ചുള്ള പ്രവർത്തനത്തിന്റെ മൂന്ന് വർഷമാണ് കടന്നുപോയത്. പ്രതിപക്ഷത്ത് 56 പേർ ഇരിക്കുമ്പോൾ ന്യൂനപക്ഷമായി നിന്ന് ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കാനും തുടക്കമിടാനും കഴിഞ്ഞു. രാഷ്ട്രീയ കക്ഷിഭേദമെന്യേ 100 വാർഡുകളിലും വികസനമെത്തിച്ചുവെന്നത് അഭിമാനാർഹമാണ്. സ്മാർട്ട് സിറ്റിയുടെ തുടർപ്രവർത്തനങ്ങൾക്കും മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനും നാലം വർഷം ഊന്നൽ നൽകും."
-വി.കെ. പ്രശാന്ത്
"കേന്ദ്രസർക്കാർ പദ്ധതികളുടെ പേരുകൾ മാറ്റി മേനി നടിക്കുന്ന ഭരണമാണ് നഗരസഭ നടത്തിക്കൊണ്ടിരിക്കുന്നത്. ഭവന പദ്ധതികളെല്ലാം കേന്ദ്രസഹായത്തോടെ പൂർത്തീകരിച്ചതാണ്. തെറ്റിനെ എതിർക്കുമ്പോൾ യു.ഡി.എഫും എൽ.ഡി.എഫും കൈകോർക്കുന്നതാണ് പതിവ്."
-എം.ആർ. ഗോപൻ
ബി.ജെ.പി പാർലമെന്ററി
"പദ്ധതികളെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി. പെൻഷൻ അട്ടിമറിച്ചു, ലൈഫ് താളം തെറ്റി, പരാജയത്തിന്റെ മൂന്ന് വർഷമാണ് നാളെ പൂർത്തിയാകുന്നത്."
-ഡി. അനിൽകുമാർ
യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്