തിരുവനന്തപുരം: ' ഞങ്ങടെ അമ്മയെ കൊന്നതാ. അച്ഛനെ അറസ്റ്റ് ചെയ്യണം " - നഗര കാഴ്ചകളുടെ പളപളപ്പിനപ്പുറം നിസഹായാവസ്ഥയുടെ നെടുവീർപ്പ് നിറഞ്ഞ കുഞ്ഞിക്കണ്ണുകൾ കൊലയാളിയെ അറസ്റ്റുചെയ്യണമെന്ന പ്ളക്കാർഡുമായി പ്രതീക്ഷയോടെ ഭരണസിരാകേന്ദ്രത്തിലേക്ക് നോക്കി ആവശ്യപ്പെട്ടു. അമ്മയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് നടയിൽ അമ്മൂമ്മയ്ക്കും അപ്പൂപ്പനുമൊപ്പം സമരമിരിക്കുകയാണിവർ. പകൽ മുഴുവൻ നീതിക്കായി കാത്തിരിക്കുമ്പോൾ പ്രതിയെന്ന് ആരോപിക്കുന്നത് സ്വന്തം പിതാവിനെയാണെന്ന് തിരിച്ചറിഞ്ഞ കുട്ടികളുടെ ദൈന്യത കാഴ്ചക്കാരുടെ കണ്ണ് നിറയ്ക്കുന്നു.
കൊല്ലം തേവലക്കര വള്ളിക്കാല ഭസ്മത്തിൽ വീട്ടിൽ മൂന്നാം ക്ളാസുകാരി സ്വാതിയും ഒന്നാം ക്ളാസുകാരി സൗപർണികയുമാണ് അമ്മ പ്രശോഭയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി അമ്മൂമ്മ പ്രസന്നയ്ക്കും അപ്പൂപ്പൻ ശശിധരൻ ആശാരിക്കുമൊപ്പം സമരം ചെയ്യുന്നത്.
2013 ഒക്ടോബർ 10നാണ് പ്രശോഭയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് സ്വാതിക്ക് ഒന്നേമുക്കാൽ വയസും സൗപർണികയ്ക്ക് 9 മാസവുമായിരുന്നു പ്രായം. വിവാഹം കഴിഞ്ഞ് നാലരവർഷമായപ്പോഴുള്ള മകളുടെ ദുരൂഹമരണത്തിന് പിന്നിൽ മരുമകന്റെ പീഡനമാണെന്നാരോപിച്ച് ശശിധരൻ ആശാരി നിരവധി പരാതികൾ നൽകി. അന്വേഷണങ്ങളെല്ലാം പ്രഹസനമായിരുന്നുവെന്നാണ് ഇവർ പറയുന്നത്. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യമുയർത്തിയാണ് ഇന്നലെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം രണ്ടുകുട്ടികളും സെക്രട്ടേറിയറ്റ് നടയിൽ സമരം തുടങ്ങിയത്. അന്വേഷിക്കുന്നവരോട് മകളുടെ മരണം വിവരിക്കുമ്പോൾ പ്രസന്ന കരയും. ഇതുകണ്ട് കുട്ടികൾ ദയനീയമായ മുഖത്തോടെ കാഴ്ചക്കാരുടെ കണ്ണുകളിലേക്ക് നോക്കും.
കേസിന്റെ വിജയത്തിന് പുതിയ മാർഗങ്ങൾ ചിലരെല്ലാം നിർദ്ദേശിച്ചു. സമരപ്പെരുമഴ പെയ്യുന്ന സെക്രട്ടേറിയറ്റിനു മുന്നിൽ ഈ കുട്ടികളുടെ സമരം വേറിട്ട് നിൽക്കുന്നു.