തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ ഊടും പാവും മാറ്റി മേളയ്ക്കൊരുങ്ങി. ഇക്കുറി ടാഗോറിന്റെ അർദ്ധകായ വെങ്കല ചിത്രമാണ് തിയേറ്ററിന് മുന്നിൽ അതിഥികളെ സ്വീകരിക്കുക. മികച്ച ശബ്ദസംവിധാനവും ഡോൾബി സിസ്റ്റവും അടക്കമുള്ള ക്രമീകരണങ്ങൾ തിയേറ്ററിന് ഉള്ളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നവീകരിച്ച ചുറ്റുമതിലും ഗേറ്റും സ്റ്റേറ്റ് ഇൻഫർമേഷൻ ഹബ്ബും അടക്കം ടാഗോറിന്റെ മുഖച്ഛായ മാറ്റും വിധത്തിൽ രണ്ടേക്കറോളം സ്ഥലം കൃത്യമായി വിനിയോഗിച്ചാണ് ഐ ആൻഡ് പി.ആർ.ഡിയുടെ നേതൃത്വത്തിൽ പി.ഡബ്ളിയു.ഡി ശരവേഗത്തിൽ നിർമ്മാണം പൂർത്തിയാക്കുന്നത്. ഈ മാസം 30ന് നിർമ്മാണം പൂർത്തിയാക്കും. അടുത്തമാസം 7ന് ചലച്ചിത്രമേള ആരംഭിക്കുമ്പോൾ ടാഗോർ സുസജ്ജമായിരിക്കും. ഒരു കോടിയോളം രൂപയാണ് ചെലവ്.
ഏറ്റവും വലിയ ഡോൾബി സംവിധാനം
ടാഗോറിലെ പ്രധാന നവീകരണം ഡോൾബി അറ്റ്മോസ് സംവിധാനത്തിലേക്കു മാറുന്നുവെന്നതാണ്. 1,000 സീറ്റുകളുള്ള കേരളത്തിലെ ഏറ്റവും വലിയ സർക്കാർ തിയേറ്ററായ ടാഗോർ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഡോൾബി അറ്റ്മോസ് സംവിധാനമുള്ള ഏറ്റവും വലിയ തിയേറ്ററായി മാറും. തലസ്ഥാനത്തെ സർക്കാർ തിയേറ്ററായ കലാഭവനിൽ ഡോൾബി സംവിധാനം ഉണ്ടെങ്കിലും സീറ്റുകൾ ടാഗോറിനെക്കാൾ കുറവാണ്.
കഴിഞ്ഞ വർഷം വരെ ചലച്ചിത്രമേളകൾക്ക് ഡോൾബി ശബ്ദസംവിധാനം വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ ഇപ്രാവശ്യം മുതൽ ടാഗോർ ഡോൾബിയാകുന്നതോടെ ചലച്ചിത്രമേളകളിലെ രാജ്യാന്തര സിനിമകൾ അവയുടെ ഗുണമേന്മയുള്ള ശബ്ദത്തിൽ ആസ്വദിക്കാം. കൂടാതെ പ്രതിമാസം നടത്തി വരുന്ന സിനിമാ പ്രദർശനങ്ങൾക്കും പുതിയ ശബ്ദസംവിധാനം മുതൽക്കൂട്ടാകും. ഏറ്റവും പുതിയ സ്ക്രീനാണ് ടാഗോറിൽ ഉള്ളത്. സിനിമാ പ്രദർശനത്തിന് പുറമെ നാടകം, മറ്റു കലാപരിപാടികൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ നടത്താനും ടാഗോറിൽ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ടാഗോറിന്റെ വെങ്കല ചിത്രം
പേര് അന്വർത്ഥമാക്കും വിധം ടാഗോർ തിയേറ്ററിൽ ടാഗോറിന്റെ ജീവിക്കുന്ന ഓർമ്മ നിലനിറുത്താൻ വെങ്കല പ്രതിമ ഒരുക്കുന്നുണ്ട്. ചുവരിൽ പതിപ്പിച്ച നിലയിലാകും ടാഗോറിന്റെ ഭീമൻ വെങ്കല പ്രതിമ സ്ഥാപിക്കുക. ഇതോടൊപ്പം തിയേറ്ററിന്റെ ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും നിർമാണവും പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇവയും പൂർത്തിയാകും.
ഇൻഫർമേഷൻ ഹബ്ബ് ഇപ്പോഴില്ല
ടാഗോറിനുള്ളിൽ ഐ ആൻഡ് പി.ആർ.ഡിയുടെ ഇൻഫർമേഷൻ ഹബ്ബിന്റെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയാൽ പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ ആൻഡ് പി.ആർ.ഡിയുടെ ഓഫീസടക്കം ഇവിടേക്ക് മാറ്റി സ്ഥാപിക്കും. ആർക്കിടെക്ട് ജി. ശങ്കറാണ് കെട്ടിടം നിർമിക്കുന്നത്.
"ചലച്ചിത്രമേള കഴിഞ്ഞാലും തലസ്ഥാനത്തെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മാറ്റു കൂട്ടുന്ന തരത്തിലുള്ളവയാണ് നിർമ്മാണ പ്രവർത്തനങ്ങളെല്ലാം. ഈ മാസം അവസാനത്തോടെ നിർമ്മാണം പൂർത്തിയാകും."
-അനിൽകുമാർ,
കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസർ
ഐ ആൻഡ് പി.ആർ.ഡി