അയർലൻഡിനെതിരായ വനിതാ ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റ് ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ 52 റൺസിന് വിജയിച്ച് ഇന്ത്യ സെമിയിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇന്ത്യ നിശ്ചിത 20 ഒാവറിൽ 145/6 എന്ന സ്കോറിലെത്തി. മറുപടിക്കിറങ്ങിയ അയർലൻഡ് 93/8 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി തുടർച്ചയായ രണ്ടാം മത്സരത്തിലും മിഥാലി രാജ് അർദ്ധ സെഞ്ച്വറി (51) നേടി.
മിഥാലി രാജും സ്മൃതി മന്ദാനയും (33) ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ പത്തോവർ ക്രീസിൽ നിന്ന ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 67 റൺസാണ്
29 പന്തുകളിൽ നാലുഫോറും ഒരു സിക്സുമടക്കമാണ് സ്മൃതി 33 റൺസെടുത്തത്. ഏഴാം ഒാവറിൽ ഇന്ത്യ 50 കടന്നിരുന്നു. പത്താം ഒാവറിന്റെ അവസാന പന്തിൽ സ്മൃതിയെ കിം ഗാർത്ത് ക്ളീൻ ബൗൾഡാക്കി. തുടർന്നിറങ്ങിയ യുവതാരം ജമീമ റോഡ്രിഗസിനെ(18) കൂട്ടുനിറുത്തി മിഥാലി പോരാട്ടം തുടർന്നു. 27 പന്തുകളിൽ 40 റൺസടിച്ചുകൂട്ടിയ സഖ്യം 15-ാം ഒാവറിലാണ് പിരിഞ്ഞത്. പകരമിറങ്ങിയ നായിക ഹർമൻപ്രീത് കൗർ (7) സിക്സോടെ തുടങ്ങിയെങ്കിലും മൂന്നാം പന്തിൽ ക്യാച്ച് നൽകി കൂടാരം കയറി. ഇതോടെ ഇന്ത്യ 15.3 ഒാവറിൽ 116/3 എന്ന നിലയിലായി.