ps-sreedaran-pillai
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് നടന്നുവരുന്ന അയ്യപ്പന്മാരെ പൊലീസ് പരിശോധിക്കുന്നു

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മ സമിതിയും ആഹ്വാനം ചെയ്‌ത ഹർത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല, ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പൃഥ്വിപാൽ, ബി.ജെ.പി നേതാവ് പി.സുധീർ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയിൽ ബി.ജെ.പി പ്രതിഷേധം അറിയിച്ചു. ശബരിമലയിൽ പിണറായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പൊലീസ് രാജ് അയ്യപ്പഭക്തരെയും വിശ്വാസികളെയും വെല്ലുവിളിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

അതേസമയം, അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താലിൽ ശബരിമല തീർത്ഥാടനം ഉൾപ്പെടെ ജനജീവിതം താറുമാറായി. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നിറുത്തിവച്ചതാണ് ഭക്തർക്ക് തിരിച്ചടിയായത്. രാവിലെ ചിലയിടങ്ങളിൽ സർവീസ് തുടങ്ങിയെങ്കിലും ഹർത്താലിനെത്തുടർന്ന് നിറുത്തിവയ‌്ക്കുകയായിരുന്നു. ഇതിനിടയിൽ ചിലയിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ആക്രമണവുമുണ്ടായി. പൊലീസ് സംരക്ഷണം നൽകാതെ സർവീസ് തുടരാൻ ആവില്ലെന്നാണ് കെ.എസ്.ആർ.ടി.സി നിലപാട്. എന്നാൽ പമ്പ നിലയ്ക്കൽ റൂട്ടിൽ സർവീസുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്.ശനിയാഴ്‌ച പുലർച്ചയോടെ പ്രഖ്യാപിച്ച ഹർത്താലിന്റെ വിവരം അറിയാതെ ഓഫീസുകളിലേക്കും മറ്റും പുറപ്പെട്ടവരാണ് അക്ഷരാർത്ഥത്തിൽ കുടുങ്ങിയത്. ചികിത്സയ്‌ക്കും മറ്റുമായി വീടുകളിൽ നിന്നും ഇറങ്ങിയവരും മതിയായ യാത്രാ സൗകര്യം ലഭിക്കാതെ കുഴങ്ങിയിട്ടുണ്ട്.

വിവിധ ജില്ലകളിൽ ഇന്ന് നടത്താനിരുന്ന ജില്ലാ ശാസ്ത്രമേളകളും ഹർത്താലിനെ മാറ്റിവച്ചിട്ടുണ്ട്. വയനാട് ജില്ലാ സ്‌കൂൾ കലോത്സവവും നാളത്തേക്ക് മാറ്റി. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷ മാറ്റിവെച്ചു. തിരുവനന്തപുരത്ത് ജില്ലാ കളക്ടറുടെ അദാലത്തും മാറ്റിവെച്ചിട്ടുണ്ട്. കേരള സർവകലാശാല വിദൂരവിദ്യാഭ്യാസം വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ ക്ലാസുകളും മാറ്റിവെച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.