sreedharanpilla

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി മരക്കൂട്ടത്ത് എത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതതിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ശബരിമലയിൽ കാട്ടുനീതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ശ്രീധരൻപിള്ള ആരോപിച്ചു. ആചാരഅനുഷ്ഠാനങ്ങൾ പ്രകാരം ദർശനം നടത്താനെത്തിയ ശശികലയെ എന്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും അവരുടെ സഞ്ചാരസ്വാതന്ത്ര്യം എന്തിന്റെ പേരിലാണ് നിഷേധിച്ചതെന്നും ശ്രീധരൻപിള്ള ചോദിക്കുന്നു.

ഭരണഘടനാനുസൃതമായ എല്ലാ കാര്യങ്ങളും തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ബി.ജെ.പി ശക്തമായി അവലപിക്കുന്നു. കേരളത്തിന് പുറത്തേകും ബി.ജെ.പി സമരം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. നിയമനിഷേധവുമായി ഭരണകൂടം മുന്നോട്ട് വരുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കാനാവില്ല- ശ്രീധരൻപിള്ള പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് സർക്കാർ ശര്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല, ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പൃഥ്വിപാൽ, ബി.ജെ.പി നേതാവ് പി.സുധീർ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മ സമിതിയും ആഹ്വാനം ചെയ്‌ത ഹർത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.