പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി മലകയറുന്നതിനിടെ അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല റാന്നി പൊലീസ് സ്റ്റേഷനിൽ നിരാഹാരസമരം ആരംഭിച്ചു. അയ്യപ്പനെ കണ്ട് നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് ഇവർ. എന്നാൽ ശശികലയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവർത്തകരും ശബരിമല കർമ്മ സമിതി പ്രവർത്തകർ ഇന്ന് പുലർച്ചെ മുതൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് സമരം നടത്തുകയാണ്.
ഇന്നലെ രാത്രി ഏഴരയോടെ മരക്കൂട്ടത്ത് എത്തിയ ശശികലയെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് അർദ്ധരാത്രി 1.40 ഓടെയാണ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ മടങ്ങിപ്പോകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭക്തയായ താൻ ദർശനവും നെയ്യഭിഷേകവും നടത്താതെ മടങ്ങില്ലെന്ന് പൊലീസിനെ അറിയിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ശബരിമല കർമ്മ സമിതി സംസ്ഥാന വ്യാപകമായി രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. പിന്നീട് ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് പൃഥ്വിപാലിനെ പമ്പയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശബരിമല കർമ്മ സമിതി നേതാവായ സ്വാമി ഭാർഗവറാമിനെ പമ്പയിൽ നിന്ന് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.സുധീറിനെ ഇന്ന് പുലർച്ചെ സന്നിധാനത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാപാരികൾ ഉൾപ്പെടെയുള്ളവരെ രാത്രി 11ന് ശേഷം സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്നും ഭക്തരെ മല ചവിട്ടാൻ അനുവദിക്കില്ലെന്നും ഇന്നലെ ഉച്ചയോടെ പൊലീസ് അറിയിച്ചിരുന്നു. ഇതേ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ ഇടപെട്ട് ദേവസ്വം മന്ത്രിയുമായി ചർച്ച നടത്തി നിയന്ത്രണങ്ങൾ പിൻവലിച്ചതായി അറിയിച്ചു. എന്നാൽ നട അടച്ചശേഷം ഇരുമുടിക്കെട്ടും നെയ്യഭിഷേകത്തിനുള്ള ടോക്കണും ഇല്ലാത്തവരെ സന്നിധാനത്ത് തങ്ങാൻ പൊലീസ് അനുവദിച്ചില്ല. അതിനിടെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇന്ന് ശബരിമലയ്ക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.