റിയാദ്: സൗദി മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി രാജകുമാരന്റെ ഉത്തരവനുസരിച്ചെന്ന് സി.ഐ.എ. രഹസ്യാന്വേഷണ വിവരങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി നിഗമനത്തിലെത്തിയത്. സൗദി കോൺസുലേറ്റിൽ നിന്നും രേഖകൾ നേരിട്ട് വാങ്ങാൻ മുഹമ്മദ് ബിൻ സൽമാന്റെ സഹോദരൻ ഖഷോഗിയോട് പറഞ്ഞതായാണ് രേഖകൾ.
വാഷിംഗ്ടൺ പോസ്റ്റിന്റേതാണ് റിപ്പോർട്ട്. സൗദി രാജകുമാന്റെ സഹോദരൻ ഖഷോഗിയുമായി നടത്തിയ ഫോൺ സംഭാഷണവും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇസ്താംബുളിലെ സൗദി എംബസിയിൽ നിന്ന് അപ്രത്യക്ഷനായ ഖഷോഗിയുടെ മൃതദേഹാവശിഷ്‌ടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഖഷോഗിയുടെ മൃതദേഹം തുർക്കിക്കു പുറത്തുകൊണ്ടുപോയെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. കൊലക്കുറ്റത്തിന് 11 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർക്ക് പരമാവധി ശിക്ഷ നൽകാനാണ് തീരുമാനം. ഖഷോഗി കൊല്ലപ്പെട്ടശേഷം സൗദി എംബസിയിൽനിന്ന് സൗദി രാജകുമാരന്റെ അടുത്ത സഹായിയ്‌ക്ക് വിവരം കൈമാറിയ ഫോൺകോളും സിഐഎ പരിശോധിച്ചു എന്നാണ് റിപ്പോർട്ട്. മാദ്ധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ സി.ഐ.എ വൃത്തങ്ങൾ തയ്യാറായിട്ടില്ല.