നിലയ്‌ക്കൽ: ശബരിമലയിലും പരിസരത്തുമുള്ള സംഘപരിവാർ സംഘടനാ നേതാക്കളെയും മറ്റും കരുതൽ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അയ്യപ്പധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ നിലയ്ക്കലിൽ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
ശബരിമല ദർശനത്തിനായി മരക്കൂട്ടത്ത് എത്തിയ കെ.പി ശശികലയെ ശനിയാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ശബരിമല കർമ്മ സമിതി നേതാവായ സ്വാമി ഭാർഗവറാമിനെ പമ്പയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നാലെ കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് രാഹുൽ ഈശ്വർ മടങ്ങിയത്.
തുലാമാസ പൂജകൾക്കായി നട തുറപ്പോൾ തീർത്ഥാടകരെ തടഞ്ഞതിന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും, ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാൻ ചിലർ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് രാഹുൽ വീണ്ടും അറസ്റ്റിലായിരുന്നു.
ഈ സാഹചര്യത്തിലാണ് സന്നിധാനത്തേക്ക് പോയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്. ഇതോടെ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട ശേഷം രാഹുൽ മടങ്ങി. നേരത്തെ നടത്തിയ വാർത്താ സമ്മേളനത്തിൽ മണ്ഡല കാലത്ത് യുവതികളെ സന്നിധാനത്ത് എത്താതെ നോക്കുമെന്നും അതിനായി പോണ്ടിച്ചേരിയിൽ നിന്നടക്കം ആചാര സംരക്ഷണ സമിതി പ്രവർത്തകരെ എത്തിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.